ന്യൂദല്‍ഹി: പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ വനിതകള്‍ക്കായി പ്രത്യേക ബസ് സര്‍വ്വീസ്  തുടങ്ങുമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം .

Ads By Google

ജവഹര്‍ലാല്‍ നെഹ്‌റു നഗര നവീകരണ പദ്ധതി വഴിയാണ്  ബസ് ലഭ്യമാക്കുക. ലേഡീസ് ഓണ്‍ലി ബസുകള്‍ ഓടിക്കുന്നതിന്റെ സാധ്യത തേടി സംസ്ഥാനങ്ങള്‍ക്ക് നഗര വികസന മന്ത്രാലയം കത്തയച്ചിട്ടുണ്ട്.

നഗരത്തില്‍ ഓടിക്കുന്ന എല്ലാ ബസുകളിലും ഇന്റലിജന്‍സ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം  ഘടിപ്പിക്കണമെന്നും  നഗരങ്ങളില്‍ ഓടുന്ന ടാക്‌സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയെ പൊതു നിയന്ത്രണ കേന്ദ്രത്തിനു കീഴില്‍ കൊണ്ടുവരണമെന്നും നഗര വികസന മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്തുള്ള നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളുടെ ഗതി നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് സംവിധാനം ടാക്‌സികളിലും ഓട്ടോറിക്ഷകളിലും നിര്‍ബന്ധമാക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

ഐ.ടി.എസിന് ആവശ്യമായ അധിക കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള തീയതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.