ടെഹ്‌റാന്‍:കൊല്ലപ്പെട്ട അല്‍ഖയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ തടവുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദാണ് പുതിയ വെളിപ്പെടുത്തലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ലാദനെ വധിക്കുന്നതിനു മുമ്പ് യു.എസ് സൈന്യം അദ്ദേഹത്തെ വളരെനേരം തടവില്‍ വെച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും നെജാദ് പറഞ്ഞു. പിടിക്കപ്പെടുമ്പോള്‍ അദ്ദേഹം രോഗബാധിതനായിരുന്നെന്നും രോഗാവസ്ഥയില്‍ത്തന്നെയാണ് ലാദനെ സൈന്യം വധിച്ചതെന്നുമുള്ള വിവരങ്ങള്‍ തനിക്കുലഭിച്ചിട്ടുണ്ടെന്നും നെജാദ് വ്യക്തമാക്കി.

ഇറാനിയന്‍ ദേശീയടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയില്‍ നടക്കാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് വീണ്ടും അധികാരത്തിലേറാനുള്ള പ്രചാരണതന്ത്രത്തന്റെ ഭാഗമായിരുന്നു ലാദന്‍ വധമെന്നും നെജാദ് ആരോപിച്ചു.

മെയ് 2 ന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സൈന്യത്തിന്റെ ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടതില്‍ ഇറാനിയന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി സംശയം പ്രകടിപ്പിച്ചിരുന്നു.