മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സി മാജിക്കിനു മുന്നില്‍ വലന്‍ഷ്യ തകര്‍ന്നടിഞ്ഞു. ഒരു ഗോളിനു പിറകേ നിന്ന ശേഷം മെസ്സിയുടെ നാല് ഗോളുകള്‍ ബാഴ്‌സയ്ക്ക് 5-1 ന്റെ തകര്‍പ്പന്‍ ജയമൊരുക്കി.

ഇതോടെ സ്പാനിഷ് ലാ ലീഗയില്‍ 23 മത്സരങ്ങളില്‍ ബാഴ്‌സയ്ക്ക് 51 പോയിന്റായി. 40 പോയിന്റോടെ വലന്‍ഷ്യയയാണ് മൂന്നാം സ്ഥാനത്തുള്ളത്. 61 പോയിന്റോടെ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ് ആണ്. ബാഴ്‌സയുടെ തട്ടകത്തില്‍ കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ മിന്നുന്ന നീക്കത്തിലൂടെ പാബ്ലോ പെയ്റ്റി വലന്‍സിയയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ആതിഥേയരുടെ തിരിച്ചടിയായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍, എതിരാളികളുടെ ആവേശത്തിന് അല്‍പായുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.  ഒമ്പതാം മിനുട്ടില്‍ നുകാംപില്‍ ലീഡെടുത്തതോടെയാണ് ബാഴ്‌സ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയത്. അഞ്ചുമിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി മെസ്സി തന്റെ വരവ് അറിയിച്ചു.

ശേഷം രണ്ടാം പകുതിയിലായിരുന്നു ശേഷിച്ച ഗോളുകള്‍ പിറന്നത്. അരമണിക്കൂര്‍ നേരം ഗോളൊന്നും വഴങ്ങാതെ പിടിച്ചുനിന്ന വലന്‍സിയന്‍ വലയിലേക്ക്  76ാം മിനിറ്റില്‍ വീണ്ടും മെസ്സി നിറയൊഴിച്ചു. ഇടതു വിങ്ങിലൂടെ ക്രിസ്റ്റ്യന്‍ ടെല്ലോ നടത്തിയ മുന്നേറ്റം വലന്‍സിയ ഗോള്‍കീപ്പര്‍ ഡിഗോ ആല്‍വസ് തട്ടിത്തെറിപ്പിച്ചപ്പോള്‍ കുത്തനെ പതിച്ചത് കാത്തിരുന്ന മെസ്സിയുടെ ബൂട്ടിലേക്ക്. ഹാട്രിക്കും തികച്ച് മെസ്സി മുന്നേറി. 85ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍. സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് നല്‍കിയ ലോങ് പാസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ വോളിചെയ്ത് വലയിലാക്കി വേട്ട പൂര്‍ത്തിയാക്കി. 90ാം മിനിറ്റില്‍ സാവി കൂടി ഗോള്‍ നേടിയതോടെ ബാഴ്‌സയുടെ അക്കൗണ്ട് നിറഞ്ഞു.

സീസണില്‍ 27 ഗോള്‍ തികച്ച മെസ്സി ബാഴ്‌സയ്ക്കായി ഇതുവരെ എല്ലാ ലാ ലീഗ മത്സരവും കളിച്ചു. നിലവിലെ കളിക്കാരില്‍ ബാഴ്‌സയ്ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് ചാവി ഹെര്‍ണാണ്ടസ് ആണ്. പോയന്റ് പട്ടികയില്‍ റയലിനും (61), ബാഴ്‌സക്കും (51) പിന്നാലായി മൂന്നാം സ്ഥാനത്തുള്ള വലന്‍സിയയെ (40) ഗോള്‍മഴ പെയ്യിച്ച മത്സരത്തിനൊടുവില്‍ 51 കെട്ടുകെട്ടിച്ച് ബാഴ്‌സലോണയും മെസ്സിയും താരമായി.

Malayalam News

Kerala News In English