കൊച്ചി: ജനചേതനാ യാത്രയുടെ ഭാഗമായുള്ള കേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി സഞ്ചരിച്ച വാഹനത്തില്‍ ഇന്ധനചോര്‍ച്ച കണ്ടെത്തി. ജനചേതനാ യാത്രയുടെ കൊച്ചിയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ബാംഗ്ലൂരിലേക്ക് പോകാനായി അഡ്വാനിയെയും വഹിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ ടാറ്റാ സഫാരി വാഹനത്തിനാണ് ഇന്ധനചോര്‍ച്ച കണ്ടെത്തിയത്.

അഡ്വാനിയെ നെടുമ്പാശേരിയില്‍ ഇറക്കിയശേഷം വാഹനം നിന്ന് പോകുകയായിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ഇന്ധനചോര്‍ച്ച കണ്ടെത്തിയത്. തള്ളിമാറ്റി വിമാനതാവളത്തിന് പുറത്തെത്തിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട്ടില്‍ വച്ച് അഡ്വാനിയുടെ യാത്ര കടന്ന് പോകുന്ന വഴിയില്‍ ബോംബ് കണ്ടെത്തിയിരുന്നു. മധുരയ്ക്കു സമീപമുള്ള തിരുമംഗലത്തെ ആലമ്പട്ടി ഗ്രാമത്തിലാണു പൈപ്പ് ബോംബ് കണ്ടെത്തിയത്. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.