എഡിറ്റര്‍
എഡിറ്റര്‍
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചു: ഗൗരിയമ്മ
എഡിറ്റര്‍
Sunday 5th January 2014 3:19pm

gouriyamma.

ആലപ്പുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ.

യു.ഡി.എഫ് വിടാന്‍ ജെ.എസ്.എസ് അന്തിമ തീരുമാനത്തിലേക്കടുത്ത സാഹചര്യത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയാവാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചപ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു അന്ന് പറഞ്ഞതെന്നും തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് എല്‍.ഡി.എഫിനോട് വിശദീകരിക്കാനാവശ്യപ്പെട്ടുവെന്നും ഗൗരിയമ്മ പറഞ്ഞു.

തന്നെ തോല്‍പിച്ചത് വയലാര്‍ രവിയും കെ.സി വേണുഗോപാലുമാണ്.

തനിക്ക് കിട്ടേണ്ട വോട്ടുകള്‍ ഇവര്‍ ഇടപെട്ട് നഷ്ടപ്പെടുത്തി. വിജയ സാധ്യതയില്ലാതിരുന്ന സീറ്റുകളാണ് യു.ഡി.എഫ് നല്‍കിയത്.

ആത്മാര്‍ത്ഥതയുള്ളവരെ തഴയുന്നതാണ് യു.ഡി.എഫിന്റെ രീതി- ഗൗരിയമ്മ പറഞ്ഞു.

ഇതിനിടെ യു.ഡി.എഫ് വിടാനുള്ള പ്രമേയം ജെ.എസ്.എസ് ജില്ലാ കമ്മറ്റി പാസാക്കി. എന്നാല്‍ ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.കെ ഷാജു ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഗൗരിയമ്മ കാണിക്കുന്നത് നന്ദികേടാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനെ പുകഴ്ത്തിയിരുന്നയാളാണ് ഗൗരിയമ്മയെന്നും കെ.കെ ഷാജു പറഞ്ഞു.

അതേ സമയം മുന്നണി വിടുന്ന കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതു പോലെ നടക്കുമെന്ന് ഗൗരിയമ്മ വ്യക്തമാക്കി.

Advertisement