എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള: ഇളവ് അനുവദിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വി.എസ്
എഡിറ്റര്‍
Wednesday 8th January 2014 7:03pm

v.s-new2

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്ക് ഇളവ് അനുവദിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

എം.എല്‍.എയുടെ നിവേദനം പരിഗണിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് തേടുക മാത്രമാണ് ചെയ്തത്. ഭൂനിയമത്തില്‍ ഇളവുനല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ആറന്മുള വിഷയത്തില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബേബിയുടെ പ്രസ്താവനയാണ് വി.എസ് നിയമസഭയില്‍ തിരുത്തിയത്.

ഭൂമിയുടെ പോക്കുവരവ് അപേക്ഷ പരിഗണിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും, അത് തിരുത്തണമെന്നും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ എം.എ ബേബി പറഞ്ഞിരുന്നു.

അതിനിടെ ആറന്മുള വിമാനത്താവളത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

എല്ലാം ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ഭൂമി കൈമാറാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം സഭ പാസാക്കി. 62 നെതിരെ 72 വോട്ടുകള്‍ക്കാണ് സഭ പ്രമേയം പാസാക്കിയത്.

ആറന്‍മുള വിമാനത്താവള പദ്ധതിയുടെ മേല്‍ ഇരു പാര്‍ട്ടികളും ആരോപണങ്ങളും പ്രത്യാപരോപണങ്ങളുമായി രംഗത്തുവരുന്നത്
തുടരുകയാണ്.  കഴിഞ്ഞ സര്‍ക്കാരിനെ പഴിചാരി യു.ഡി.എഫും എന്നാല്‍ യു.ഡി.എഫ് കളവ് തുടരുകയാണെന്നും പാര്‍ട്ടികളും ആരോപിക്കുന്നു.

ആറന്മുള വിമാനത്താവളപദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു.

പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിക്ക് ഒരു മാസത്തേക്കാണ് സ്‌റ്റേ. ജനുവരി 21 വരെ ആറന്മുള വിമാനത്താവള പദ്ധതിയുടെ തല്‍സ്ഥിതി നിലനിര്‍ത്താനാണ് നിര്‍ദ്ദേശം.  ആറന്മുള സ്വദേശി ശ്രീരംഗനാഥന്‍ നല്‍കിയ ഹരജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement