ഇസ്താംബൂള്‍: വനിതാവിഭാഗം ടെന്നീസിലെ പുത്തന്‍ കരുത്തായ ചെക്ക് താരം പെട്ര ക്വിറ്റോവക്ക് കന്നി ഡബ്‌ള്യൂ .ടി.എ.കിരീടം. ഇസ്താംബൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ വിക്ടോറിയ അസരെങ്കയെ തോല്‍പ്പിച്ചാണ് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യനായ ഇരുപത്തിയൊന്നുകാരി തന്റെ കന്നി ഡബഌൂ.ടി.എ.കിരീടം സ്വന്തമാക്കിയത്.

മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 7-5, 4-6, 6-3 എന്ന സ്‌കോറിനായിരുന്നു ക്വിറ്റോവയുടെ വിജയം. വിജയത്തോടെ കരിയറിലെ മികച്ച നേട്ടത്തോടെ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി ക്വിറ്റോവ. ഇതാദ്യമായാണ് ക്വിറ്റോവ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്നത്. ഇതോടെ 2010 ന്റെ അവസാനം മുപ്പത്തിനാലാം സ്ഥാനത്തായിരുന്ന ക്വിറ്റോവ പുതിയ വര്‍ഷത്തെ വരവേല്‍ക്കുക ഒന്നാം റാങ്കുകാരിയായ കരോലിന്‍ വോസ്‌നിയാക്കിക്ക് തൊട്ടുപിറകിലായി രണ്ടാം സ്ഥാനത്തോടെയായിരിക്കും.

Subscribe Us:

ഒരവസരത്തില്‍ 5-5ന് ഒപ്പത്തിനൊപ്പമായിരുന്ന ആദ്യ സെറ്റ് അവസാനം 7-5ന് ക്വിറ്റോവ സ്വന്തമാക്കി. രണ്ടാം സെറ്റ് 4-6ന് സ്വന്തമാക്കിയ ബലാറസ് താരമായ അസരങ്കോ മത്സരം അവേശഭരിതമാക്കി. മൂന്നാം സെറ്റില്‍ കരുത്തും മികവും ഒരുപോലെ പുറത്തെടുത്ത ക്വിറ്റോവ സെറ്റും ഗെയിമും സ്വന്തമാക്കി.