എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രീയ വിദ്യാലയത്തില്‍ പെണ്‍കുട്ടിയെയും ജീവനക്കാരിയെയും പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 3rd February 2017 3:56pm

arrestnew-1


കുട്ടികളുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നത് പ്രിന്‍സിപ്പല്‍ ശീലമാക്കിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നത്.


ബംഗളൂരു: ബംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തില്‍  പെണ്‍കുട്ടിയെയും ജീവനക്കാരിയെയും പീഡിപ്പിച്ച പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സദാശിവ് നഗര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കുമാര്‍ താക്കൂറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്‌കോ നിയമ പ്രകാരമാണ് കേസ്.


Also read ബാഹുബലിയെ കണ്ട് ഞെട്ടിത്തരിച്ച ‘മോദി’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് വീഡിയോ വൈറലാകുന്നു


കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്തതായി ബംഗളൂരു സെന്‍ട്രല്‍ ഡി.സി.പി ചന്ദ്രഗുപ്തയാണ് മാധ്യമങ്ങളോട് പറഞ്ഞത്. സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയും ജീവനക്കാരിയെയും ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിന്മേലാണ് നടപടി.

ബംഗളൂരുവിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നത് പ്രിന്‍സിപ്പല്‍ ശീലമാക്കിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നത്. കുട്ടികളുടെ പരാതിക്ക് പിന്നാലെയാണ് തനിക്കെതിരെയും പ്രിന്‍സിപ്പലിന്റെ ലൈംഗിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാരിയും പരാതി പറയുന്നത്. സ്‌കൂളിലെ യുവതികളായ ജീവനക്കാരോടും പ്രിന്‍സിപ്പല്‍ മോശമായാണ് പെരുമാറിയിരുന്നതെന്നും ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു.

പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തിരുന്ന ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ചിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പ്രിന്‍സിപ്പലിനെതിരെ പരാതി ഉന്നയിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാതിരുന്നതെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രിന്‍സിപ്പല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.

Advertisement