കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരായ ടി.ഡി ദിലീപ്, പി കൃഷ്ണപ്രദീപ്, ആഷിക് കൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഗുരുതരമായി പരിക്കേറ്റ ദിലീപ് കോഴിക്കോട്ടെ ബേബി മെമ്മൊറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.


Also Read: സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍; കേരളത്തിലെ പെണ്ണുങ്ങള്‍ എന്തു പറയുന്നു?


സംഭവത്തില്‍ നല്ലളം എണത്തിക്കാവില്‍ വിജേഷ് ലാല്‍, അരക്കിണര്‍ ഫാത്തിമ നിവാസില്‍ അസ്‌കര്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് പേര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തു. പ്രതികള്‍ സംഘം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തതെന്നാണ് ആരോപണം.

മയക്കുമരുന്ന് മാഫിയയാണ് ആക്രണമത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.കേസില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.