തിരുവനന്തപുരം: ആര്‍.എസ്.എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. എല്ലാ ഉന്നത നേതൃയോഗങ്ങളുടെയും തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് തികച്ചും സാധാരണമായ നടപടിയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം നിര്‍ഭാഗ്യകരവും അവഹേളനപരവുമായിപ്പോയി. യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെങ്കില്‍ പ്രസ് സെക്രട്ടറി മുഖാന്തരമോ മറ്റോ മാന്യമായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാമായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.


Also Read: ‘പി.ടി ഉഷ റോഡല്ല, പി.യു ചിത്ര റോഡ്’; പി.ടി ഉഷ റോഡിനെ പുനര്‍നാമകരണം ചെയ്ത് കെ.എസ്.യുവിന്റെ പ്രതിഷേധം


വാര്‍ത്ത തേടിയെത്തുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ സ്വഭാവികരീതിയും അവകാശവുമാണ്. സാധാരണപ്പെട്ട വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാകുന്ന സ്ഥിതിയുണ്ടായാല്‍ മാധ്യമപ്രവര്‍ത്തനത്തെ സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവണമെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.