തിരുവനന്തപുരം: കേരളത്തെ ആകെ ഞെട്ടിച്ച സംഭവത്തിലെ മുഖ്യപ്രതിയായ താരത്തെ വിശുദ്ധനാക്കാന്‍ ക്വട്ടേഷന്‍ പണി ഏറ്റെടുത്ത അധമ ഏജന്‍സികളും പണച്ചാക്കുകളും മാധ്യമപ്രവര്‍ത്തകരുടെ നേരെ അവരുടെ ക്വട്ടേഷന്‍ ജോലിയും കൊണ്ട് വന്നാല്‍ അതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് പി.എ. അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമജാഗ്രത കണ്ണുതുറന്നിരുന്നതു കൊണ്ടുകൂടിയാണ് നമ്മുടെ ഇടയിലെ ഒരു സഹോദരിയായ കലാകാരി നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ സമൂഹമനസ്സാക്ഷിയെയും നേതാക്കളെയും ഭരണകര്‍ത്താക്കളെയും ഉണര്‍ത്തി നിര്‍ത്തുകയും ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാവുകയും ചെയ്തത്.


Dont Miss നമ്മുടെ പശുക്കളെ ചെര്‍ണോബിലിലേക്കും ഫുക്കുഷിമയിലേക്കും അയച്ചുകൂടേ?’ ; പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദത്തെ പരിഹസിച്ച് തരൂര്‍


മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കില്‍ അത് വൃഥാവിലാവുകയേ ഉള്ളൂ. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു.വി.ജോണ്‍ ഉള്‍പ്പെടെയുള്ളവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശപ്പെടുകയേ ഉള്ളൂ.

മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അസഹിഷ്ണുതയില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരുടെ യോഗ്യത കൂടി പരിശോധിക്കപ്പെടണം. ഏത് വിശുദ്ധനു വേണ്ടിയാണ് ഇവരീ ക്വട്ടേഷന്‍ജോലി ചെയ്യുന്നതെന്നും നോക്കണം.

സ്വന്തം സഹോദരിയെപ്പോലെ കരുതേണ്ട, സ്വന്തം സഹപ്രവര്‍ത്തക കൂടിയായ യുവനടിയെ മാപ്പില്ലാത്ത ക്രൂരതയ്ക്കിരയാക്കിയെന്ന് കുറ്റാരോപിതനായ താരത്തിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയാണെന്ന് ആരും വിശ്വസിക്കുന്നില്ല.


Dont Miss ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗികപീഡനത്തിന് കേസ്


താരങ്ങളുടെ പണക്കൊഴുപ്പിന്റെ ലോകത്തെ വൃത്തികേടുകള്‍ക്കും അധോലോകത്തെപ്പോലും വെല്ലുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണനല്‍കുകയും താരങ്ങളെ ആരാധിക്കാന്‍ ആഹ്വാനം ചെയ്യലുമല്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി.

ആര്‍ക്കെതിരെയും തട്ടിക്കയറാന്‍ തങ്ങള്‍ക്ക് അധികാരമുണ്ട് എന്ന് ചിന്തിച്ചുവശായ താരങ്ങളെ ഈ മണ്ണിലേക്ക് ഇറക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇനിയും തയ്യാറാകും. താരങ്ങള്‍ ക്രിമിനലായാല്‍ ആരാധകര്‍ തന്നെ കല്ലെറിയും.

ജനഹൃദയത്തില്‍ ഉടഞ്ഞുപോയ സിംഹാസനങ്ങള്‍ വീണ്ടെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ തെറി പറഞ്ഞതു കൊണ്ടൊന്നും ഒരിക്കലും കഴിയില്ല. വൃത്തികെട്ട വാക്കുകളാല്‍ സോഷ്യല്‍മീഡിയയില്‍ പ്രസ്താവനയും വീഡിയോയും ആയി വരുന്നവര്‍ ആദ്യം പോയി സ്വന്തം രൂപം കണ്ണാടിയില്‍ വിശദമായി ഒന്നു നോക്കട്ടെ. അവരുടെ രൂപത്തിലെ നിഴലുകള്‍ അവരെ നോക്കി പല്ലിളിക്കുന്നത് അവര്‍ ആദ്യം കാണട്ടെ.

കുറ്റാരോപിതര്‍ക്കെതിരെ നിയമസംവിധാനം കൃത്യവും ശക്തവുമായി നീങ്ങുമ്പോള്‍ അത് റിപ്പോര്‍ട്ടു ചെയ്യുന്നവരെയും താരക്രിമിനലിസത്തിന്റെ പിന്നാമ്പുറവൃത്തികേടുകള്‍ പുറത്തെത്തിക്കുന്നവരെയും ഡിബേറ്റ് ചെയ്യുന്നവരെയും ശക്തമായി പിന്തുണയ്ക്കുന്നു. വിനു.വി.ജോണ്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ശക്തമായി മുന്നോട്ടു പോകുമെന്നും പ്രസ്താവനയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.