തിരുവനന്തപുരം: തെഹല്‍ക കേരള റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിനക്കെതിരെ കള്ള കേസെടുത്ത കര്‍ണാടക പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തെഹല്‍ക പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടുമായി ബന്ധപ്പെട്ടാണു ഷാഹിനയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.

റിപ്പോര്‍ട്ട് തയാറാക്കാന്‍ ഷാഹിന കുടക് സന്ദര്‍ശിച്ചിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകയുടെ യാത്രയെ കള്ളക്കേസിന് ആധാരമാക്കിയ കര്‍ണാടക പോലീസിന്റെ നടപടി തിരുത്തിയില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രത്യാഘാതങ്ങളുണ്ടാകും. ഇങ്ങിനെ വന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയാതാവും.

തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളെ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള കര്‍ണാടക പോലീസിന്റെ നീക്കം ആപല്‍ക്കരമാണ്. ജനാധിപത്യ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കയും കേസ് പിന്‍വലിപ്പിക്കുകയും ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു