ന്യൂദല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച് കുവൈത്ത് അമീര്‍ ഉത്തരവിട്ടു.

ഒരാളെ വെറുതെ വിടാനും വിവിധ കുറ്റങ്ങളില്‍ ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവുചെയ്യാനും തീരുമാനമായി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 17 ഇന്ത്യക്കാര്‍ കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായിരുന്നു.


Dont Miss സച്ചിനടക്കം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചു; മുംബൈ ദുരന്തം റെയല്‍വേ ചോദിച്ചുവാങ്ങിയത്


കുവൈറ്റ് അമീറിന്റെ തീരുമാനത്തില്‍ സുഷമ ട്വിറ്ററിലൂടെ നന്ദിയറിയിച്ചു. ജയില്‍ മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന 149 വെറുതെ വിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഉത്തരവും പുറത്തിറങ്ങുന്നത്.

യു.എ.ഇയിലും മറ്റ് എമിറേറ്റുകളിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ക്ലിഫ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷാര്‍ജ ശൈഖ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.