കുവൈത്ത് സിറ്റി: ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കുന്നു. നാല് നയതന്ത്ര ഉദ്യോഗസ്ഥരെ മാത്രം നിലനിര്‍ത്തി അംബാസഡറടക്കമുള്ളവരെ പിന്‍വലിക്കാന്‍ കുവൈത്ത് കൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കം. കൊറിയ വിഷയത്തില്‍ ഗള്‍ഫിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയാണ് കുവൈത്തെന്ന് രാജ്യത്തെ ഏമേരിക്കന്‍ എംബസി പറഞ്ഞിരുന്നു.


Read more:   റോഹിങ്ക്യരെ പിന്തുണച്ചതിന് മുസ്‌ലിം നേതാവിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു


നേരത്തെ മെക്‌സിക്കോയും പെറുവും കൊറിയന്‍ അംബാസഡര്‍മാരെ പുറത്താക്കിയിരുന്നു.

ഉത്തരകൊറിയക്കെതിരെ തിങ്കളാഴ്ച  യു.എന്‍ രക്ഷാസമിതി ഉപരോധം ചുമത്തിയിരുന്നു. ഇതില്‍ വിദേശത്തു ജോലി ചെയ്യുന്ന കൊറിയന്‍ പൗരന്മാര്‍ നികുതിയിനത്തില്‍ അയയ്ക്കുന്ന തുകയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലായി നിരവധി കൊറിയന്‍ പൗരന്മാരാണ് തൊഴിലെടുക്കുന്നത്.