എഡിറ്റര്‍
എഡിറ്റര്‍
കുവൈറ്റ് പ്രതിസന്ധി തുടരുന്നു: പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
എഡിറ്റര്‍
Thursday 9th August 2012 12:14am

കുവൈറ്റ് സിറ്റി: തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുവൈറ്റ് പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ സാധിച്ചില്ല. രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി കാരണം ഭൂരിപക്ഷ അംഗങ്ങളും സമ്മേളനം  ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണിത്‌.

Ads By Google

ഇന്നലെ പാര്‍ലമെന്റ് സമ്മേളിച്ചപ്പോഴും ഭൂരിപക്ഷ അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി സ്പീക്കര്‍ ജസ്സീം അല്‍ ഖരാഫി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിലും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.

എന്നാല്‍ തുടര്‍ന്നുണ്ടായ കോടതി വിധിയെ തുടര്‍ന്ന് ജൂണില്‍ പാര്‍ലമെന്റ് പുന:സ്ഥാപിക്കുകയായിരുന്നു. നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ച് കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനെ ധരിപ്പിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അമീര്‍ തയാറാകുമെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പ്  നടന്നാല്‍ അത് 2006ന് ശേഷം രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പായിരിക്കും. പാര്‍ലമെന്റിന്  നിയമപരമായ അംഗീകാരം ഇല്ലെന്നാരോപിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റ് ബഹിഷ്‌കരിക്കുന്നത്.

2009ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ രാജ്യത്തെ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഡിസംബറില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പിന്നീട് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്  നടക്കുകയും പ്രതിപക്ഷം ഭരണത്തിലേറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വിഷയം ഭരണഘടനാ കോടതിയുടെ മുന്നിലെത്തുകയും ജൂണ്‍ 20ന് പുറപ്പെടുവിച്ച വിധിയിലൂടെ ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയും ചെയ്യുകയായിരുന്നു.

Advertisement