കുവൈത്ത്: കുവൈത്തിലെ എറണാകുളം നിവാസികളുടെ മതേതര ജനാധിപത്യ സംഘടനയായ കുവൈത്ത് എറണാകുളം റെസിഡന്‍സ് അസ്സോസിയേഷന്‍ ‘കേര’ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം അബ്ബാസിയ റിഥം ഹാളില്‍ നടന്നു. ജനറല്‍ കണ്‍വീനര്‍ എം.പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഇഫ്ത്താര്‍ സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ കുവൈറ്റ് ചാപ്റ്ററിന്റെ ഡയറക്റ്റര്‍ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി.

റമദാന്റെ യഥാര്‍ത്ഥ സന്ദേശം പൊതു സമൂഹത്തിലേക്ക് പകരാന്‍ ഇതുപൊലെയുള്ള സംരംഭങ്ങള്‍ക്ക് കഴിയുമെന്നു അദ്ദേഹം പറഞ്ഞു. അബ്ബാസിയ സെന്റ് ഡാനിയല്‍ ചര്‍ച്ചിലെ റവ.ഫാദര്‍ ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍,ബി.പി.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഉപവാസം മനുഷ്യനെ എല്ലാ അര്‍ത്ഥത്തിലും മാറ്റിയെടുക്കുവാന്‍ കഴിയുന്ന ഒരു ചര്യയാണെന്നും, അങ്ങിനെയുള്ള മാറ്റങ്ങളുടെ സന്ദേശം നല്‍കാന്‍ ഇഫ്ത്താര്‍ സംഗമങ്ങള്‍ക്കു കഴിയട്ടെയെന്നു ഫാദര്‍ ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ പറഞ്ഞു. കലുഷിതമായ വര്‍ത്തമാനകാലലോകത്ത് മാനവ സാഹോദര്യത്തിന്റെ അനുകിരണങ്ങള്‍ ഉയര്‍ത്താന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേരുന്ന ഇത്തരം സംഗമങ്ങള്‍ക്കു കഴിയുമെന്നു ബി.പി.സുരേന്ദ്രന്‍ പറഞ്ഞു.

കുവൈറ്റിലെ പ്രമുഖ സംഘടനപ്രതിനിധികളും സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.സമ്മേളനത്തിനു ശേഷം വിപുലമായ ഇഫ്ത്താര്‍ വിരുന്നും ഒരുക്കിയിരുന്നു.

അനില്‍കുമാര്‍, കൊച്ചിന്‍ സൈനുദീന്‍, എസ്.പി.ബിജു, റോയ് മാനുവല്‍, പ്രിന്‍സ്, എന്‍.ബി.പ്രതാപ്, മുജീബുറഹ്മാന്‍, ബോബിജോയ്, സെബാസ്റ്റ്യന്‍ കണ്ണോത്ത്, വില്‍സന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.അബ്ദുല്‍കലാം സ്വാഗതവും ഹരീഷ് തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു.