കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് രാജിവെച്ചു. എം.പിമാരുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവാദത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് രാജി. രാജി സ്വീകരിച്ച പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് പാര്‍ലമെന്ററി കാര്യ മന്ത്രി അലി അല്‍ റാഷിദിനെ ആക്ടിങ് വിദേശകാര്യ മന്ത്രിയായി നിയമിച്ചു.

ബാങ്ക് അക്കൗണ്ട് വിവാദത്തോടെ അധികാരത്തില്‍ തുടരാനുള്ള മന്ത്രിസഭയുടെ ധാര്‍മികത നഷ്ടപ്പെട്ടുവെന്നായിരുന്നു ശൈഖ് ഡോ. മുഹമ്മദ് അസ്വബാഹിന്റെ നിലപാട്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനായി പാര്‍ലമെന്റും പിരിച്ചുവിടണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നതായി അസ്വബാഹിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Subscribe Us:

തുടര്‍ച്ചയായ വിവാദങ്ങളില്‍പെട്ടുഴലുന്ന സര്‍ക്കാര്‍ നിരയില്‍ ഏറെ ജനപ്രീതിയും വിശ്വാസ്യതയുമുള്ള മന്ത്രിയായിരുന്നു ശൈഖ് ഡോ. മുഹമ്മദ് അസ്വബാഹ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ രാജി മന്ത്രിസഭയുടെ ജനസമ്മിതി കുറയാന്‍ കാരണമാവും.

അതോടൊപ്പം പ്രധാനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ പോരാട്ടത്തിന് തയാറെടുക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് വിദേശമന്ത്രിയുടെ രാജി ഉത്തേജനമാകും. ഈമാസം 25ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.