കുവൈത്ത് സിറ്റി: കൂടുതല്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയര്‍വേയ്‌സ് യൂണിയന്‍ സമരം തുടരുന്നു. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച സമരം രണ്ടു ദിവസം പിന്നിട്ടിരിക്കയാണ്. സമരം നടക്കുന്നതറിയാതെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തുകയാണ്.

ജീവനക്കാര്‍ സമരത്തിലാണെങ്കിലും മറ്റു എയര്‍ലൈനുകളിലേക്ക് ടിക്കറ്റ് മാറ്റാനും മറ്റുമായി വിമാനത്താവളത്തില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതും ഫലപ്രദമായി നടപ്പായില്ല. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തുടങ്ങിയ സമരത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള കുവൈത്ത് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും മുടങ്ങി. സമരം അവസാനിക്കാനുള്ള സൂചനകളൊന്നുമില്ലാത്തതിനാല്‍ ഇന്നത്തെ സര്‍വീസുകളും റദ്ദാക്കാനാണ് സാധ്യത.

ജീവനക്കാരുടെ സമരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ വിവരമറിയാതെ എത്തിയ യാത്രക്കാരാണ് വെട്ടിലായത്. ശനിയാഴ്ച ആറു മണി വരെ വിമാനത്താവളത്തിലെ കുവൈത്ത് എയര്‍വേയ്‌സ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് നിശ്ചലമായി. ഇതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ കുടുങ്ങി.

സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം മുതല്‍ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ താല്‍ക്കാലത്തേക്കായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയെന്നും ഇതിനിടെ ടിക്കറ്റ് എടുത്തവര്‍ക്ക് കാന്‍സല്‍ ചെയ്ത് പണം തിരിച്ചുവാങ്ങാനും യാത്ര വേറെ എയര്‍വേയ്‌സുകളിലേക്ക് മാറ്റാനും യാത്രക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

സമരത്തില്‍നിന്ന് പിന്മാറണമെന്ന് കമ്യൂണിക്കേഷന്‍ മന്ത്രി സാലിം അല്‍ ഉതൈന യൂനിയനോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ശമ്പള, ആനുകൂല്യ വര്‍ധന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്കിലേക്ക് പോകാതെ ചര്‍ച്ചക്ക് വരാനായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.
മാസങ്ങള്‍ക്കു മുമ്പും കുവൈത്ത് എയര്‍വേയ്‌സ് ജീവനക്കാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടേതടക്കം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞാണ് ജീവനക്കാരുടെ യൂനിയന്‍ സമരത്തിനിറങ്ങിയത്.

Malayalam News

Kerala News In English