ആലപ്പുഴ: കുട്ടനാട്ടിലെ കൃഷിനാശം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടാനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം വിത്തിന്റെദൗര്‍ലഭ്യമാണ്. അതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന വിത്തിന്റെ അളവ് ഇരട്ടിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കൃഷിനാശം നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. എടത്വ, മാണിക്യമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ പാടങ്ങളാണ് ഇരുവരും സന്ദര്‍ശനം നടത്തുന്നത്.

നാശനഷ്ടം വിലയിരുത്താന്‍ മുഖ്യമന്ത്രി നേരിട്ട് കുട്ടനാട് സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് ഇന്നുതന്നെ കൃഷിമന്ത്രിക്ക് കൈമാറുമെന്ന് ഇരുവരും അറിയിച്ചു.