കേരളത്തിലെ പ്രധാന മാനസിക ആരോഗ്യകേന്ദ്രമാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. നൂറുകണക്കിന് മാനസിക രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. മാനസിക രോഗത്തിന് ചികിത്സതേടിയെത്തുന്നവരെ മാറാ രോഗികളാക്കി മാറ്റുന്ന തരത്തില്‍ ദയനീയമാണ് ഇന്ന് ഈ സ്ഥാപനത്തിന്റെ അവസ്ഥ.

ആരോഗ്യകേന്ദ്രത്തിനു ചുറ്റും കാടുപിടിച്ചിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് വീണ മരങ്ങള്‍വരെ ചീഞ്ഞളിഞ്ഞ് മേല്‍ക്കൂരയുടെ മുകളിലുണ്ട്. വാര്‍ഡുകള്‍ക്ക് പുറത്ത് അഴുക്കും മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നു. സെപ്റ്റിംക് ടാങ്കുകള്‍ പൊട്ടിയൊലിച്ച് ദുര്‍ഗന്ധം പരക്കുന്നു. ഈ പരിസരത്താണ് മനോനില തെറ്റിയ രോഗികള്‍ കഴിയുന്നത്.

കുളിക്കാന്‍ സൗകര്യങ്ങളില്ല. മലിനമായ വെള്ളത്തിലാണ് അന്തേവാസികള്‍ കുളിക്കുന്നത്. എല്ലാവര്‍ക്കും തോര്‍ത്താന്‍ ഒരു ടവല്‍ മാത്രം. അതിനാല്‍ ത്വക്ക് രോഗങ്ങള്‍ പടരുന്നത് സാധാരണം. ആഹാരത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളുണ്ടെങ്കിലും അതൊന്നും പാലിക്കാറില്ല. മറ്റെന്തെങ്കിലും രോഗം പിടിപെട്ടാല്‍ ചികിത്സിക്കാനുള്ള യാതൊരു സൗകര്യവുമില്ല. രോഗികളുടെ ഉല്ലാസത്തിനായി പണിതീര്‍ത്ത പാര്‍ക്ക് കാട് കയറി നശിച്ചിരിക്കുകയാണ്.

അന്തേവാസികള്‍ മനോനില തെറ്റിയവരായതിനാല്‍ പുറം ലോകം ഇതറിയില്ലെന്ന ധൈര്യമാണ് അധികൃതകര്‍ക്ക്. ഈ ചീഞ്ഞളിഞ്ഞ ചുറ്റുപാടില്‍ നരകതുല്യമായ ജീവിതം നയിക്കുകയാണ് പാവപ്പെട്ട രോഗികള്‍. ഇവരുടെ സഹായത്തിനായി വര്‍ഷാ വര്‍ഷം കേന്ദ്രം നല്‍കുന്ന സഹായം ആരുടെയൊക്കെയോ കൈകളിലെത്തുന്നു.

ഇത്തരമൊരു പരിസരത്ത് കഴിയേണ്ടിവന്നാല്‍ ഭ്രാന്തില്ലാത്തവര്‍ക്കു പോലും ഭ്രാന്ത് പിടിക്കും. കൊലപാതകമുള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും പാവപ്പെട്ട മാനസിക രോഗികള്‍ക്ക് ലഭിക്കുന്നില്ല.

1872ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കുതിരവട്ടത്ത് നിര്‍മ്മിച്ച ഭ്രാന്തന്‍ ജയില്‍ പിന്നീട് മാനസികാരോഗ്യ കേന്ദ്രമാക്കി മാറ്റിയതാണ്. എന്നാല്‍ ആരൊക്കെയോ ചേര്‍ന്ന് ഈ മാനസികാരോഗ്യകേന്ദ്രത്തെ വീണ്ടും ഭ്രാന്തന്‍ ജയിലാക്കി മാറ്റിയിരിക്കുകയാണ്.

<object width=”580″ height=”465″><param name=”movie” value=”http://www.youtube.com/v/Fi45fgHnQeU?version=3&amp;hl=en_US&amp;rel=0″></param><param name=”allowFullScreen” value=”true”></param><param name=”allowscriptaccess” value=”always”></param><embed src=”http://www.youtube.com/v/Fi45fgHnQeU?version=3&amp;hl=en_US&amp;rel=0″ type=”application/x-shockwave-flash” width=”580″ height=”465″ allowscriptaccess=”always” allowfullscreen=”true”></embed></object>