പാനൂര്‍: ബി ജെ പി പ്രവര്‍ത്തകനെ അക്രമി സംഘം വെട്ടിക്കൊന്നു. കിഴക്കേ കോരച്ചന്‍കണ്ടി യേശുവെന്നു വിളിക്കുന്ന രാജേഷ്‌കുമാ(28)റാണ് മരിച്ചത്. സി പി ഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി കേസില്‍ പ്രതിയാണ് രാജേഷ്. സി പി ഐ എമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ താഴെ കുന്നോത്തുപറമ്പില്‍ ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ജീപ്പിലിരിക്കവെ മാരകായുധങ്ങളുമായി എത്തിയ സംഘം രാജേഷിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലക്കും രണ്ടു ചുമലുകള്‍ക്കും കാലിനും പരിക്കേറ്റ ഇയാളെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം. 2009 മാര്‍ച്ച് 11ന് കുന്നോത്തുപറമ്പിലെ പറമ്പത്ത് അജയനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രാജേഷ്. ടെംപോ ഡ്രൈവറാണ്. കുറച്ചു മാസങ്ങളായി സ്ഥലത്തില്ലായിരുന്നു.

എസ് ഐമാരായ യഹ്്‌യ, ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് കൂത്ത് പറമ്പില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്‌