ന്യൂദല്‍ഹി: മുന്‍ ജലസേചനമന്ത്രി ടി.എം ജേക്കബ് പ്രതിയായ കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസില്‍ പദ്ധതിയുടെ പുനഃപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി. വിചാരണക്കുമുന്‍പ് തന്നെ ജേക്കബ് ഉള്‍പ്പെടെയുള്ള 8 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

കുരിയാര്‍കുറ്റി-കാരപ്പാറ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മൂലത്തറ കനാല്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 57 ലക്ഷം രൂപ അധികമായി കരാറുകാരന് കൊടുത്തുവെന്നും ആരോപണം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നെങ്കിലും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്.

ക്രമക്കേട് നടന്നുവെന്ന് ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് പിന്നീട് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്നാമത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ശരിയെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസിലെ എട്ട് പ്രതികളെയും വെറുതെ വിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കണം പ്രതികള്‍ കുറ്റക്കാരോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. എന്നാല്‍ വിചാരണയ്ക്ക് മുമ്പ് തന്നെ ആരോപണ വിധേയരായവരെ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. ഈ നടപടി ശരിയല്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ ജേക്കബടക്കം എട്ട് പേരെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്.

ഇടമലയാര്‍ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളകോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം കഠിവതടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

നേരത്തെ യു.ഡി.എഫിന്റെ ഘടകകക്ഷിയായ മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുണ്ടായിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. ഇത്തരത്തില്‍ മന്ത്രിമാരുടെ അഴിമതി വിവരങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവരുന്നത് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുകയാണ്.