ന്യൂദല്‍ഹി: സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരായ ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.

Ads By Google

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ബി.ജെ.പി നേതാക്കളായ വെങ്കയ്യ നായിഡു, രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവരായിരിക്കും സൂര്യനെല്ലി വിഷയം സഭയില്‍ ഉന്നയിക്കുക. ബി.ജെ.പിക്കൊപ്പം ഇടതു പാര്‍ട്ടികളും പി.ജെ. കുര്യന്റെ രാജി ആവശ്യപ്പെടും.

സൂര്യനെല്ലി വിഷയത്തില്‍ കുറ്റവിമുക്തനാക്കുന്നത് വരെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും കുര്യന്‍ മാറി നില്‍ക്കണമെന്ന ആവശ്യമാണ് ബി.ജെ.പി ശക്തമായി ഉന്നയിക്കുക.

അതേസമയം സൂര്യനെല്ലി വിഷയം സഭയില്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു പാര്‍ട്ടികളുമായും ബി.ജെ.പി ചര്‍ച്ച നടത്തും.

കേസില്‍ കുര്യന് വേണ്ടി ഹാജരായ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തന്റെ നിലപാട് പാര്‍ട്ടി നയത്തിനൊപ്പമാണെന്ന് വ്യക്തമാക്കി. താന്‍ കേസില്‍ കുര്യന് വേണ്ടി ഹാജരായത് തൊഴില്‍പരമായി മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ നിലപാട് എപ്പോഴും പാര്‍ട്ടി നിലപാടിനൊപ്പമായിരിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി.