തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസഫ് അലി നല്‍കിയിരിക്കുന്ന നിയമോപദേശം തള്ളി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

Ads By Google

നിയമോപദേശം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിയമോപദേശത്തിനു അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് നോട്ടീസിനു മറുപടിയായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സൂര്യനെല്ലി വിഷയത്തില്‍ ഇതുവരെ മൂന്നുതവണ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതു ദൗര്‍ഭല്യമായി കാണരുതെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.

ഒരേ വിഷയം  ഒന്നേറെ തവണ ചര്‍ച്ച നടത്തുന്നത്  സഭയുടെ ചട്ടങ്ങള്‍ മറികടന്നാണെന്നും സ്പീക്കര്‍ പ്രതികരിച്ചു. സ്പീക്കറുടെ റൂളിങ്‌പോലും ലംഘിക്കുന്ന നടപടി ശരിയല്ലെന്നും ജി.സ്പീക്കര്‍ പറഞ്ഞു.

കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ആസഫ് അലിയുടെ നിയമോപദേശം. മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. ഒരന്വേഷണത്തിലും കുര്യനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടി ഹരജി നല്‍കിയെങ്കിലും കുര്യനെ പ്രതിചേര്‍ക്കുന്നതിനോട് സുപ്രീം കോടതിയും യോജിച്ചിട്ടില്ല. ഇപ്പോള്‍ ഇതുവരേയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, തുടരന്വേഷണം വേണമെന്ന വാദത്തിന് പ്രസക്തിയൊന്നുമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

തുടരന്വേഷണം വേണമെന്ന വിഷയത്തില്‍ ലഭിച്ച നിയമോപദേശങ്ങള്‍ സഭയില്‍ വയ്ക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും കോലാഹലമുണ്ടാക്കുന്ന പ്രതിപക്ഷം കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. സര്‍ക്കാരിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.