കാട്ടുകള്ളന്‍ വീരപ്പന്‍ തിരിച്ചുവരുന്നു. കൊമ്പന്‍ മീശയും, നീണ്ടതോക്കും കൊണ്ട് ഏവരേയും വിറപ്പിച്ച വീരന്റെ വീരകഥ ചലച്ചിത്രരൂപത്തിലെത്തുന്നു. പ്രശസ്ത സിനിമാസംവിധായകനായ കുപ്പി രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകസംഭവുമായി ബന്ധപ്പെട്ട് കുപ്പി ദി സൈനേയ്ഡ് സ്റ്റോറി എന്ന ചിത്രം ചെയ്ത സംവിധായകനാണ് കുപ്പി രമേഷ്. ആ ചിത്രം സംവിധാനം ചെയ്തതുമുതലാണ് രമേഷ് കുപ്പി രമേഷ് എന്നറിയപ്പെടാന്‍ തുടങ്ങിയത്.

വീരപ്പന്റെ സാഹസികവും സംഭവബഹുലവുമായ ജീവിതകഥ ചിത്രം തുറന്നുകാട്ടുന്നു. ഒപ്പം വീരപ്പന്റെ തട്ടിക്കൊണ്ടുപോകലിന് വിധേയനാകേണ്ടിവന്ന കന്നട നടന്‍ മെഗാസ്റ്റാര്‍ രാജ്കുമാറിന്റെ അവസ്ഥകളും രമേഷ് ചിത്രീകരിക്കും.

പൊലീസിന്റെ വീരപ്പന്‍ വേട്ടയും രാഷ്ട്രീയക്കാരുടെ രഹസ്യങ്ങളുമെല്ലാം തുറന്നുകാട്ടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിള്‍ തമിഴ്‌നടന്‍ അര്‍ജുന്‍ എത്തുന്നു. രാജ്കുമാറിനെ തെലുങ്കിന്റെ മുന്‍താരം എ. നാഗേശ്വരറാവും അവതരിപ്പിക്കും. വീരപ്പനാരെന്നത് തീരുമാനമായില്ല.