കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങാമെന്ന് അറിയിച്ചു.

ഇന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. കുഞ്ഞനന്തന്റെ അഭിഭാഷകന്‍ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കീഴടങ്ങേണ്ടതില്ലെന്നും തങ്ങള്‍ കണ്ടെത്തി അറസ്റ്റ് ചെയ്‌തോളാമെന്നും പോലീസ് അറിയിച്ചു.

ടി.പി വധക്കേസിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനാണെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞനന്തന്‍ കൂടി പിടിയിലാകുന്നതോടെ ടി.പി വധത്തില്‍ ഉന്നതര്‍ക്കുള്ള പങ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

അതേസമയം പി.കെ. കുഞ്ഞനന്തനെ അന്വേഷണസംഘത്തിനു കൈമാറാന്‍ സിപിഎം തയാറാകണമെന്ന് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് ഒരിക്കലും നിഷേധിക്കാന്‍ പറ്റാത്ത വിധത്തില്‍ പാര്‍ട്ടിയുടെ പങ്കു പുറത്തുവരികയാണ്. പാര്‍ട്ടിക്കു ബന്ധമില്ലെന്നു സി.പി.ഐ.എം നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സി.പി.ഐ.എം നേതൃത്വം സഹകരിച്ചാല്‍ കേസിലെ നിര്‍ണായക വിവരങ്ങളെല്ലാം ലഭ്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.പി.കെ. കുഞ്ഞനന്തന്‍ അറസ്റ്റിലായാല്‍ കുഞ്ഞനന്തനു പാര്‍ട്ടിയുമായി ബന്ധമില്ലെന്നു വരെ പറയാന്‍ മടിക്കാത്തവരാണ് സി.പി.ഐ.എം എന്നും രമ കൂട്ടിച്ചേര്‍ത്തു.