തിരുവനന്തപുരം: വരുന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

മാര്‍ച്ച് 20നു കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും കുഞ്ഞാലിക്കുട്ടി കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി.

എല്ലാ ഘടകങ്ങളും പരിശോധിച്ച് തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ വളരെ നിര്‍ണ്ണായകമായാണ് കാണുന്നതെന്നും അതിനാല്‍ തന്നെയാണ് കരുത്തനായ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.