എഡിറ്റര്‍
എഡിറ്റര്‍
പാണക്കാട്ടെ ഭൂമി ഇന്‍കലിന്;കള്ളം പറയുന്നത് കുഞ്ഞാലിക്കുട്ടിയോ അടൂര്‍ പ്രകാശോ?
എഡിറ്റര്‍
Monday 17th September 2012 11:23am

എമേര്‍ജിങ് കേരളയുടെ ഭാഗമായ പദ്ധതികള്‍ക്കായി ഇന്‍കല്‍ എന്ന സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ വക ഭൂമി കൈമാറുന്നത് വിവാദമായപ്പോള്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഈ സര്‍ക്കാര്‍ ഒരു സെന്റ് ഭൂമി പോലും ഇന്‍കലിന് നല്‍കിയിട്ടില്ല എന്നാണ്. മലപ്പുറം ജില്ലയിലെ പാണക്കാട്ടെ പദ്ധതിക്ക് ഉള്‍പ്പെടെ ഇന്‍കലിന് ഭൂമി നല്‍കിയത് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതാണ് എന്നാണ് കുഞ്ഞാലിക്കുട്ടി ചാനലുകളില്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് വ്യവസായ മന്ത്രി നല്‍കിയ ഇന്റര്‍വ്യൂ കാണുക.

Ads By Google

എന്നാല്‍ ഇതിനു നേരെ വിപരീതമാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ രേഖാമൂലം നല്‍കിയ വിവരം. 2012 ജൂലൈ 16 വരെ ഇന്‍കലിനു പാണക്കാട്ടെ ഭൂമി അനുവദിച്ചിട്ടില്ല എന്നും ആ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നുമാണ് റവന്യൂ മന്ത്രി നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പാണക്കാട്ട് ഒരു എജ്യൂ ഹെല്‍ത്ത് സിറ്റി സ്ഥാപിക്കാനായും മറ്റ് വിവിധ പദ്ധതികള്‍ക്കായും ഇന്‍കല്‍ റവന്യൂ ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അതിന്മേല്‍ തീരുമാനം എടുത്തിട്ടില്ലെന്നും ആണ് എ.കെ.ബാലന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞത്.

അതിനര്‍ഥം ഭൂമി നല്‍കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് 2012 ജൂലൈ 16 ന് ശേഷമാണ് എന്നാണ്. അപ്പോള്‍ വ്യവസായ മന്ത്രി പറഞ്ഞത് കള്ളമാണ്. അതല്ല, വ്യവസായ മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ നിയമസഭയില്‍ റവന്യൂ മന്ത്രി നല്‍കിയ നല്‍കിയ മറുപടി കള്ളമാണ്. സുതാര്യത അവകാശപ്പെടുന്ന സര്‍ക്കാരിന്റെ പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പോലുള്ള സുപ്രധാന വിഷയത്തില്‍പ്പോലും മന്ത്രിമാര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇതില്‍ ആരാണ് കള്ളം പറഞ്ഞത് എന്നത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം.

Advertisement