മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ തിരിച്ചടി സി.പി.ഐ.എം യുഗത്തിന്റെ അന്ത്യമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബംഗാളിലും കേരളത്തിലും സി.പി.ഐ.എമ്മിന് ശക്തമായ തിരിച്ചടിയാണ് ലഭിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതാണ് സ്ഥിതിയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തൂത്തെറിയപ്പെടും.

തദ്ദേശതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്‌ലിം ലീഗ് നേടിയ വിജയം മാസങ്ങളായി അശ്രാന്ത പരിശ്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് ഇടതുനേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ആ വെല്ലുവിളി തങ്ങള്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാറിന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഫലങ്ങള്‍ കാണിക്കുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.