കാഞ്ഞങ്ങാട്: മഞ്ഞളാംകുഴി അലി തെറ്റുതിരുത്തി തിരിച്ചുവരണമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന സി.പി.എമ്മിനകത്തെ ഗ്രൂപ്പ് പോര് വീണ്ടും ശക്തമാകുന്നതിന്റെ തെളിവാണെന്ന് മുസ്്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അലിയെ പാര്‍ട്ടി ഉപേക്ഷിച്ചിട്ടും നല്ല വ്യക്തിത്വമുള്ളയാളായത് കൊണ്ടാണ് മുഖ്യമന്ത്രി തിരിച്ചു വിളിച്ചത്. നല്ല വ്യക്തിത്വങ്ങള്‍ക്ക് സി.പി.ഐ.എമ്മില്‍ നിലനില്‍പ്പില്ലെന്നതിന് തെളിവാണിത്.

വാര്‍ഡ് വിഭജനത്തിലും വോട്ടര്‍പട്ടികയിലും ക്രമക്കേട് കാണിച്ച എല്‍.ഡി.എഫ് ഇത്തവണ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. എല്‍.ഡി.എഫില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആശയആദര്‍ശങ്ങള്‍ക്ക് നിരക്കാത്ത അവിശുദ്ധ കൂട്ടുകെട്ടുകളാണ് സംസ്ഥാനത്ത് മുഴുവനുമുള്ളത് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കുഞ്ഞാലിക്കുട്ടി കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.