എഡിറ്റര്‍
എഡിറ്റര്‍
വാര്‍ത്തകള്‍ കൊണ്ട് തകരുന്ന ചില്ലുകൊട്ടാരമല്ല രാഷ്ട്രീയക്കാരുടെ വിശ്വാസ്യത : കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Saturday 15th June 2013 11:23am

kunjalikkutty2

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു പോകുന്നതല്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Ads By Google

ഇത്തരം വാര്‍ത്തകള്‍ക്ക് അല്പായുസ് മാത്രമേയുള്ളൂ. വാര്‍ത്തകള്‍ കൊണ്ട് പൊളിഞ്ഞുപോകുന്ന ചില്ലുകൊട്ടാരമല്ല രാഷ്ട്രീയക്കാരുടെ വിശ്വാസ്യതയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റു ചെയ്‌തെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിന് നേര്‍ക്കുളള ആരോപണം ദൗര്‍ഭാഗ്യകരമാണ്. സോളാര്‍ തട്ടിപ്പുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്ളവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ്.

അരനൂറ്റാണ്ടിലേറെയായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിനെതിരെ ആര്‍ക്കും ഒരു ആക്ഷേപവും ഉന്നയിക്കാന്‍ കഴിയില്ല.

തട്ടിപ്പുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്ളവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കുമുള്ള താക്കീതാണ്. പേഴ്‌സണല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും വയലാര്‍ രവി പറഞ്ഞു.

അതേസമയം സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി പറഞ്ഞു.

ആരോപണം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും ആന്റണി പറഞ്ഞു.

കൊച്ചിയില്‍ ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Advertisement