Categories

‘വീടി’ല്‍ എം.ടിയുടെ കഥാപാത്രമായി ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബന് ഇപ്പോള്‍ നല്ല കാലമാണ്. നീണ്ട ഇടവേളയ്ക്കുശേഷം ഗംഭീര തിരിച്ചുവരവല്ലേ ചാക്കോച്ചന്‍ നടത്തിയിരിക്കുന്നത്. റിലീസായ ചിത്രങ്ങളെല്ലാം ഹിറ്റ്. ഇപ്പോഴിതാ മറ്റൊരു ഭാഗ്യം കൂടി തേടിയെത്തിയിരിക്കുകയാണ്. എം.ടി വാസുദേവന്‍ നായരുടെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം.

സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘വീട്’ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ നായകനാകുന്നത്. എം.ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സോഹന്‍ലാല്‍ ‘വീട്’ ഒരുക്കുന്നത്. ഇതില്‍ എം.ടിയുടെ ഒരു കഥാപാത്രത്തെയായിരിക്കും കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുക എന്നാണ് സൂചന. ലാല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

‘മൂന്ന് ഭാര്യമാര്‍, മൂന്ന് ഭര്‍ത്താക്കന്‍മാര്‍, ഒരു നായകന്‍’ എന്ന് ഒറ്റവാചകത്തില്‍ നിര്‍വചിക്കാവുന്ന ഈ സിനിമ ലൈന്‍ ഓഫ് കളേഴ്‌സ് കമ്പനിയാണ് നിര്‍മ്മിക്കുന്നത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ വിവാഹ സ്വപ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം ഭാര്യാ ഭര്‍തൃ ബന്ധത്തിലെ നന്‍മയും നാട്യവും നര്‍മവും പങ്കുവയ്ക്കുന്നു.

അനിയത്തിപ്രാവിലെ നായകനായി സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ ഹരമായിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്ന് പിന്തള്ളപ്പെട്ട് ചാക്കോച്ചന്‍ അടുത്തിടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മമ്മി ആന്റ് മി, എല്‍സമ്മ എന്ന ആണ്‍കുട്ടി, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലവ് എന്നിങ്ങനെ നീളുകളാണ് ചാക്കോച്ചന്റെ ഹിറ്റ് ചാര്‍ട്ട്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ പ്രധാന ഏടുകളില്‍ എം.ടിയുടെ സിനിമകളുമുണ്ട്. ചന്തുവിനെയും ബാലനെയും റഷീനെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇതുപോലൊരു ശക്തമായ കഥാപാത്രം ചാക്കോച്ചനിലൂടെയുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.