മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. അന്വേഷണ ഏജന്‍സി നിഗമനങ്ങളിലെത്തുന്നതുവരെ കാത്തിരിക്കും. എം.എസ്.പി ആസ്ഥാനത്ത് പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കോടതിയെ വകവെക്കാത്ത ഒരു മാര്‍ഗവും സ്വീകരിക്കില്ല. അന്വേഷണം നേര്‍വഴിക്കാണ് പോകുന്നതെന്ന് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഭീഷണി നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പഴയകേസുകള്‍ പിന്‍വലിക്കുന്നത് എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്. ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ നിഗമനങ്ങള്‍ പരിശോധിക്കും. പുതുതായി കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും പഴയ കേസുകളില്‍ പുനരന്വേഷണം തീരുമാനിക്കുകയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അതേസമയം ടി.പി.ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലുള്ള ഉന്നതര്‍ ആരായാലും അവരെ ഒളിക്കാന്‍ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വലിയ മീനെന്നോ ചെറിയ മീനെന്നോ നോക്കില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുള്ളവര്‍ പോകേണ്ടത് ജയിലിലേയ്ക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. എം.മണിയുടേത് പാര്‍ട്ടി മുന്‍കാലത്ത് നടത്തിയ തെറ്റുകളുടെ കുറ്റസമ്മതമാണ്. അത്തരമൊരു കുറ്റസമ്മതം ഒരാള്‍ നടത്തുമ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.