എഡിറ്റര്‍
എഡിറ്റര്‍
മമത ഇന്ദിര ചമയുന്നോ?
എഡിറ്റര്‍
Wednesday 25th April 2012 4:13pm

sensoring the medea

 

കെ.ടി.കുഞ്ഞിക്കണ്ണന്‍

കുപ്രസിദ്ധവും മനുഷ്യത്വരഹിതവുമായ കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്ത അമേരിക്കന്‍ സെനറ്ററായിരുന്നു ജോസഫ് മക്കാര്‍ത്തി. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തെ ആംഗ്ലോ-സാക്‌സണ്‍ വര്‍ണബോധവുമായി ചേര്‍ത്ത് ഭ്രാന്തമായ വേട്ടക്ക് അമേരിക്കയില്‍ നേതൃത്വം നല്‍കിയ മക്കാര്‍ത്തിയന്‍ കാലം വെറുക്കപ്പെട്ടതായിരുന്നുവെന്ന് പിന്നീട് അമേരിക്കന്‍ ഭരണാധികാരികള്‍ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മൃഗീയമായ മക്കാര്‍ത്തിയന്‍ നടപടികളെ അനുസ്മരിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌വിരുദ്ധ വേട്ടയാണ് കുമാരി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളില്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അഞ്ഞൂറോളം സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് തൃണമൂലുകാര്‍ കൊല ചെയ്തത്. സി.പി.ഐ.എം മാത്രമല്ല, തങ്ങള്‍ക്കനഭിമതരായ എല്ലാവരെയും കടന്നാക്രമിക്കുന്ന ഫാസിസ്റ്റ് രീതിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പതിവാക്കിയിരിക്കുന്നത്. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരെയും ഓഫീസും വരെ ആക്രമിക്കുന്നു. തനിക്കെതിരെ എഴുതുകയും വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മമത ഗുണ്ടകളെ വിട്ട് ആക്രമിക്കുന്നു.

ഏറ്റവുമൊടുവില്‍ മമതാ ബാനര്‍ജിക്കെതിരെ ഫോട്ടോ കാര്‍ട്ടൂണ്‍ ഒരുക്കിയതിന്റെ പേരില്‍ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ ഭീകരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജാദവ്പൂര്‍ സര്‍വകലാശാലയിലെ രസതന്ത്രം അധ്യാപകനാണ് മഹാപത്ര. ദിനേശ് ത്രിവേദിയെ റെയില്‍വേ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെക്കുറിച്ച് തയ്യാറാക്കിയ കാര്‍ട്ടൂണാണ് മമതയെ പ്രകോപിപ്പിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും മമതയുടെ ഭരണവും തൃണമൂലും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. ബംഗാളിലാകെ ഈ നടപടികള്‍ക്കെതിരെ പ്രതിഷേധമുയരുന്നു എന്നതാണ് ആശ്വാസരകമായ വസ്തുത.

Mamata Banerjeeപ്രൊഫസര്‍ മഹാപത്രയെ മര്‍ദിച്ചതിലും അറസ്റ്റ് ചെയ്തതിലും ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ പ്രതിഷേധ മുയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പതിനാലാം തിയ്യതി ജാദവ്പൂര്‍ സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധമുയര്‍ത്തി തെരുവിലിറങ്ങി. കൊല്‍ക്കത്ത നഗരത്തിലും ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. മമതയെ അനുകൂലിക്കുകയും വാഴ്ത്തുകയും ചെയ്തുപോന്നിരുന്ന പല പത്രങ്ങളും മഹാപത്രയുടെ അറസ്റ്റിനെതിരെ മുഖപ്രസംഗം എഴുതുകയും ചെയ്തു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മമതക്ക് വേണ്ടി രംഗത്തിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ മമതയുടെ വിശ്വരൂപം കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്നു. അവരത് തുറന്നുപറയുകയും തൃണമൂല്‍ ഫാസിസത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു.

സി.പി.ഐ.എമ്മിനെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്ന് ആണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. മക്കാര്‍ത്തിയന്‍ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റുകാരുമായി ബിസിനസ് പങ്കാളിത്തവും വിവാഹ ബന്ധവും പാടില്ലെന്ന് അമേരിക്കയിലെ നവയാഥാസ്ഥിതികര്‍ പ്രചാരണം നടത്തിയത് പോലെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും വിദ്വേഷ പ്രചാരണം നടത്തുകയാണ്.

കഴിഞ്ഞ ദിവസം വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയില്‍ ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ വെച്ച്, മമത മന്ത്രിസഭയിലെ ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജോതിപ്രിയ മല്ലിക്, സി.പി.ഐ.എമ്മുകാരുമായി യാതൊരു വിധ ബന്ധവും പാടില്ലെന്നാണ് കല്‍പ്പിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും പാടില്ല. സംസാരിക്കാന്‍ പാടില്ല, വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ അരുതെന്നുമാണ് അവര്‍ പറഞ്ഞത് . തുറന്ന സാമൂഹിക ബഹിഷ്‌കരണത്തിനാണ് ഈ തൃണമൂല്‍ നേതാവ് പരസ്യമായി ആഹ്വാനം ചെയ്തത്. സി.പി.ഐ.എമ്മുകാരുമായി ഒന്നിച്ച് ചടങ്ങുകളില്‍ പങ്കെടുക്കരുത്, ചായക്കടയില്‍ കണ്ടാല്‍ തലകുനിച്ച് ചായ കുടിക്കാന്‍ പോലും പാടില്ലെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരെ മല്ലിക് ഉപദേശിച്ചത്.

അന്ധമായ കമ്യൂണിസ്റ്റ് വിരോധവും അധികാര പ്രമത്തതയും തൃണമൂല്‍ നേതൃത്വത്തെ സാമൂഹിക മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കും വിധം ധിക്കാരികളാക്കിയിരിക്കുന്നുവെന്നതാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്. കുടിപ്പകയുടെയും ശത്രുതയുടെയും പ്രാകൃതമായ മനോഭാവങ്ങളില്‍ അഭിരമിക്കുന്ന പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരും പുത്തന്‍ പണക്കാരുമാണ് തൃണമൂലിന്റെ സാമൂഹികാടിസ്ഥാനം. ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമകരമായ ഭൂപരിഷ്‌കരണത്തിലൂടെ പാവപ്പെട്ട  കര്‍ഷകര്‍ക്ക് ലഭ്യമാക്കിയ ഭൂമി തിരിച്ചുപിടക്കലടക്കം ബംഗാള്‍ ജനത നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ടാറ്റയുള്‍പ്പെടുയുള്ള വന്‍കിട കുത്തകകളുടെ താത്പര്യങ്ങള്‍ക്കായി ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ പോലും തടയുകയാണ് തൃണമൂലുകാര്‍.

ടാറ്റയുള്‍പ്പെടുയുള്ള വന്‍കിട കുത്തകകളുടെ താത്പര്യങ്ങള്‍ക്കായി ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ പോലും തടയുകയാണ് തൃണമൂലുകാര്‍. ഈയൊരു സാഹചര്യത്തെ ശക്തമായി പ്രതിരോധിക്കുന്നത് സി.പി.ഐ.എമ്മും മറ്റു ഇടതുപക്ഷ ശക്തികളും മാത്രമല്ല. ഐ.എന്‍.ടി.യു സിയും കോണ്‍ഗ്രസും മമതയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ ബംഗാളില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
Mamata banerjee
സി.പി.ഐ.എമ്മുകാരുമായി യാതൊരു ബന്ധവും പാടില്ല, വിവാഹബന്ധങ്ങള്‍ പോലും പാടില്ലെന്ന് വിലക്കുന്ന തൃണമൂല്‍ വിചിത്രമായ ഒരു സാമൂഹികാവസ്ഥയിലേക്കാണ് ബംഗാളിനെ നയിക്കാന്‍ ശ്രമിക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാകാത്ത സമൂഹിക വിലക്കിന്റെയും സാമൂഹിക ബഹിഷ്‌കരണത്തിന്റെയും രാഷ്ട്രീയം ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഫാസിസത്തെയാണ് പിന്‍പറ്റുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും സഹിഷ്ണുത പുലര്‍ത്തുകയെന്നതാണ് ജനാധിപത്യത്തിന്റെ മൗലികപ്രധാനമായൊരു സംഭാവന. ഭിന്നാഭിപ്രായങ്ങളെ പൊറുപ്പിക്കാനാകാത്ത രാഷ്ട്രീയം എപ്പോഴും ജനവിരുദ്ധ താത്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിക്കുന്ന സി.പി.ഐ.എം വിരുദ്ധത ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാകുന്നതല്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെ സാമൂഹിക ബന്ധങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും വ്യാപിപ്പിച്ച് ശത്രുത പരത്തുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. സൗഹൃദവും വ്യത്യസ്ത നിലപാടുകളോടുള്ള സഹിഷ്ണുതയുമാണ് ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുന്നുപാധി. മമതയും കൂട്ടരും വിദ്വേഷവും അനഭിമതരായവര്‍ക്കെതിരെ കൊലവിളിയും അഴിച്ചുവിട്ട് പശ്ചിമ ബംഗാളിന്റെ സാമൂഹികാന്തരീക്ഷത്തെ വിഷമയമാക്കിയിരിക്കുകയാണ്. ജനാധിപത്യത്തിനും സാമൂഹിക ജീവിതത്തിലെ സൗഹൃദപൂര്‍വമായ സാഹചര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരാള്‍ക്കും ഈ തൃണമൂല്‍ രാഷ്ട്രീയത്തെ സഹിക്കാനാകില്ല. ബംഗാളിനെ ഇടതുക്ഷത്തില്‍ നിന്നും പരിവര്‍ത്തനപ്പെടുത്തിയ എഴുത്തുകാരും കലാകാരന്മാരും ജനാധിപത്യവാദികളും ഈ സത്യമിന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പലരും പശ്ചാത്താപപൂര്‍വം സംസാരിച്ചു തുടങ്ങിയിരിക്കുന്നു.

എതിരഭിപ്രായങ്ങളെയും വിമര്‍ശങ്ങളെയും അനുവദിക്കാത്ത ഏതൊരു പ്രസ്ഥാനവും രാഷ്ട്രീയ ശക്തിയും രാജ്യത്തെ ഫാസിസത്തിലേക്കാണ് എത്തിക്കുക.

എതിരഭിപ്രായങ്ങളെയും വിമര്‍ശങ്ങളെയും അനുവദിക്കാത്ത ഏതൊരു പ്രസ്ഥാനവും രാഷ്ട്രീയ ശക്തിയും രാജ്യത്തെ ഫാസിസത്തിലേക്കാണ് എത്തിക്കുക. എഴുപതുകളിലെ ബംഗാളിലെ അര്‍ധഫാസിസ്റ്റ് വാഴ്ചയും അതിന്റെ നായകനായ സിദ്ധാര്‍ഥ ശങ്കര്‍ റേയുമാണ് 1975ലെ അടിയന്തരാവസ്ഥാ ഭരണത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് പ്രചോദനമേകിയത്. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഫാസിസ്റ്റ് വാഴ്ചയെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. ഒരാളുടെ അഭിപ്രായം പ്രഖ്യാപിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ വ്യവസ്ഥയുടെ ജീവന്‍ തന്നെയാണ് എന്ന കാര്യമാണ് ബംഗാളിലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍  സംഘം വിസ്മരിച്ചുകളഞ്ഞിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള ഏതൊരു കടന്നുകയറ്റവും ജനാധിപത്യത്തിന്റെ മരണമണി മുഴക്കമാണെന്ന 1992ലെ സുപ്രീം കോടതി നിരീക്ഷണം ഇവിടെ പ്രസക്തമാണ്. അത് അമിതാധികാരത്തെയും ഏകാധിപത്യത്തെയും വിളിച്ചുവരുത്തുന്ന നടപടിയായിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

Mamata Banerjeeഅഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്നത് വിമര്‍ശിക്കാനും ആ വിമര്‍ശം കേള്‍ക്കാനുമുള്ള ബാധ്യതയും കൂടിച്ചേര്‍ന്നതാണ്. ജനാധിപത്യ വ്യവസ്ഥയുടെ ശക്തിയും രാജ്യത്തിന്റെ രാഷ്ട്രീയ പക്വതയും എതിരഭിപ്രായങ്ങളെയും ബഹുനിലപാടുകളെയും ആശ്രയിച്ചാണിരിക്കുന്നത്. ഫൈനാന്‍സ് മൂലധന താത്പര്യങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കീഴടങ്ങി രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ നിലനിലനില്‍പ്പിനെ തന്നെ അപായപ്പെടുത്തുന്ന ആഗോളവത്കരണ നയങ്ങള്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്നതാണ്. നവ ഉദാരവത്കരണത്തിന്റെ  സൗകര്യങ്ങള്‍ ഉപയോഗിച്ച് വളര്‍ന്നുവരുന്ന നവജാത സമ്പന്ന വര്‍ഗങ്ങളും പഴയ ഫ്യൂഡല്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ശക്തിയുമാണ് മമതാ ബാനര്‍ജിക്ക് പിറകിലെ ശക്തികള്‍. ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും എതിര്‍ ദിശയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഈ പ്രതിലോമ ശക്തികള്‍ ബംഗാളിനെ തകര്‍ക്കുകയാണ്. ഇന്ത്യക്കാകെ ഭീഷണിയാകുന്ന ഫാസിസ്റ്റ് പ്രവണതകളെ ജനാധിപത്യ ശക്തികള്‍ എതിര്‍ത്ത് തോല്‍പ്പിക്കണം.

കടപ്പാട്: സിറാജ് ദിനപത്രം

Advertisement