തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് ഭൂമി വിട്ട് നല്‍കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന് യാഥാസ്ഥിതിക നിലപാടാണെന്ന ഇന്‍കല്‍ എം.ഡി ടി. ബാലകൃഷ്ണന്റെ അഭിപ്രായം തെറ്റാണെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തനിക്ക് നാക്കുപിഴച്ചുവെന്നാണ് ടി. ബാലകൃഷ്ണന്‍ പറഞ്ഞത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

Ads By Google

ഇന്‍കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഇടതുപക്ഷമാണ് ഇതിന് ഉത്തരവാദി. എമേര്‍ജിങ് കേരളയുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ മുന്നൊരുക്കത്തിന് ശേഷമാണ് എമേര്‍ജിങ് കേരള നടത്തുന്നത്. എന്തിലും കുറ്റം കാണുന്ന ചിലര്‍ക്ക് മറിച്ച് ചിന്തിക്കാന്‍ കഴിയില്ല. വിശ്വാസ്യതയില്ലാതാക്കിയുള്ള പരിപാടിക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവുന്നതാണ് നല്ലതെന്നാണ് അനുഭവം പഠിപ്പിച്ചത്. അല്ലെങ്കില്‍ പിന്മാറുന്നതാണ് നല്ലത്. പിടിവാശിയില്‍ കാര്യമില്ലെന്നും വ്യവസായമന്ത്രി വ്യക്തമാക്കി.

അതിനിടെ, എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ഇന്‍കലിനെതിരെ ശക്തമായ നിലപാടുമായി റവന്യൂവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍കലിന് കര്‍ശന വ്യവസ്ഥകളോടെ മാത്രമേ ഭൂമി അനുവദിക്കാവൂയെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് വ്യവസായ വകുപ്പിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. 23 വ്യവസ്ഥകളാണ് റവന്യൂ വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍വ സ്വാതന്ത്ര്യം വേണമെന്ന ഇന്‍കലിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.