മലപ്പുറം: മുസ്‌ലീം ലീഗിനെതിരെ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത് ഷുക്കൂര്‍ വധം മറച്ചുവെക്കാനാണെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലീം ലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വര്‍ഗീയ പട്ടം എടുത്തണിയുകയാണെന്ന പിണറായിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഷുക്കൂര്‍ വധം ചര്‍ച്ച ചെയ്യപ്പെടുന്നത് സി.പി.ഐ.എമ്മിന് വലിയ വിഷമം സൃഷ്ടിക്കും. അണികള്‍ വര്‍ഗീയതയിലേക്കു പോകുന്നുണ്ടോ എന്ന് സി.പി.ഐ.എം പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ തന്നോട് ഒന്നും സംസാരിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയോട് സംസാരിച്ചുവോയെന്ന കാര്യം അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂമി ദാനവുമായി ബന്ധപ്പെട്ട് ആര് ഒപ്പിട്ടാലും വസ്തുതകള്‍ പരിഗണിച്ച്  ന്യായ-അന്യായങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു വാങ്ങുന്നത് ആരായാലും അത് സി.പി.എമ്മോ ലീഗോ ആകട്ടെ അന്വേഷിച്ച് നടപടി എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദ സംഘടനയായി മാറുന്ന മുസ് ലീം ലീഗിന്റെ ഹുങ്കിന് സര്‍ക്കാര്‍ അടിയറവ് പറയുകയാണെന്നായിരുന്നു പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞത്. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ച ലീഗിന്റെ അസഹിഷ്ണുത കേരളത്തിന്റെ മതേതരത്വത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Malayalam News

Kerala News in English