kunjali-kuttyതിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വി.എസിനെ പേരെടുത്ത് പറയാതെ രൂക്ഷമായി ആക്രമിച്ചത്.’ തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്ന ആളുകള്‍ക്ക് വിശ്വാസ്യതയുണ്ടായിരുന്നെങ്കില്‍ സമ്മതിക്കാമായിരുന്നു. എന്നാല്‍ അവരെല്ലാം ആരോപണ വിധേയരാണ്. എല്ലാവര്‍ക്കുമെതിരെ കേസ് കൊടുത്തുകൊണ്ടിരിക്കയാണ് ഇവര്‍. നല്ല വക്കീലന്‍മാരെ വെച്ചാണ് കേസ് നടത്തുന്നത്. ഇതിന് നല്ല ചെലവ് വരും. അങ്ങിനെ കേസ് കൊടുക്കുന്നവരുടെ സ്വത്തിനെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്.

സാത്വിക  ഭാവം പ്രകടിപ്പിച്ച് നടക്കുന്ന പലരുമുണ്ട്. അവരുടെ യഥാര്‍ത്ഥ ഭാവം ജനങ്ങള്‍ കാണാന്‍ പോകുന്നേയുള്ളൂ. എല്ലാവരുടെയും കള്ളത്തരങ്ങള്‍ പുറത്ത് വരും. എനിക്ക് പലതും പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ പറയാനുള്ള വാഞ്ജയെ ഞാന്‍ അടക്കി നിര്‍ത്തുകയാണ്. ഞാനൊക്കെ എല്ലാത്തരം പേടിയും മാറിയാണ് ഇപ്പോള്‍ ഇരിക്കുന്നത്. എന്നെക്കൊണ്ട് പറയിപ്പിച്ചാല്‍ പലരും ബുദ്ധിമുട്ടും.

എല്ലാവര്‍ക്കുമെതിരെ കേസ് കൊടുക്കുന്നത് നല്ല നിലവാരമുള്ള പണിയാണെന്നാണോ നിങ്ങള്‍ കരുതുന്നത്?. യാതൊരു സ്വാധീനങ്ങള്‍ക്കും വഴങ്ങാത്ത എ.കെ ആന്റണിയെപ്പോലുള്ളവരല്ലല്ലോ കേസ് കൊടുത്തിരിക്കുന്നത്. ഭയങ്കരമായ ആരോപണങ്ങള്‍ക്ക് വിധേയരായവരാണിവര്‍’- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെക്കുറിച്ചാണോ താങ്കള്‍ പറയുന്നതെന്ന ചോദ്യത്തോട് പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പുറമെ നിന്നുള്ള വ്യക്തികളുടെ സഹായം സ്വീകരിച്ചാണോ കേസ് നടത്തുന്നതെന്ന ആരോപണത്തോട് ഇപ്പോള്‍ ഞാന്‍ അങ്ങിനെ ആരോപിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സ്വത്ത് വിവരവും ഇപ്പോഴത്തെ സ്വത്തിന്റെ കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നെക്കുറിച്ചുള്ള എന്തും ഓവര്‍ എന്തൂസിയാസത്തോടെയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ക്ക് എന്നും ഇത്തരത്തില്‍ തെറ്റ് പറ്റാറുണ്ട്. ഇന്നലെ ഈ റിപ്പോര്‍ട്ട് കണ്ട് ഞാന്‍ ചിരിക്കുകയായിരുന്നു.

പൊതുജീവിതത്തിലേക്ക് വരുമ്പോള്‍ തനിക്ക് പരമ്പരാഗതമായി ലഭിച്ച സ്വത്തില്‍ കൂടുതലായി ഒന്നും തന്നെ ഇപ്പോഴില്ല. തിരുവനന്തപുരത്ത് തനിക്ക് സ്വത്തുണ്ടെന്ന ആരോപണം പച്ചക്കള്ളമാണ്. അച്ഛനും അമ്മയും തനിക്ക് നല്ല സ്വത്ത് തന്നിട്ടുണ്ട്. 10000 ഏക്കര്‍ ഭൂമി ദേശസാത്കരിച്ച ഒരാളുടെ മകളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. ഭാര്യക്കും അവരുടെ അച്ഛനും അമ്മയും നല്ല സ്വത്ത് നല്‍കിയിട്ടുണ്ട്. 91ല്‍ മന്ത്രിയായിരുന്ന സമയത്ത് വീട് വെക്കാന്‍ സ്ഥലം വാങ്ങിയിരുന്നു എന്നാല്‍ ഉടന്‍ തന്നെ അത് വില്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ കൂടെ വരികയാണെങ്കില്‍ തന്റെ സ്വത്തുക്കളെല്ലാം നേരിട്ട് കാണിച്ച് തരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വിക്കിലീക്‌സ് സംബന്ധിച്ച ചോദ്യത്തോട് താന്‍ ഇപ്പോഴും വീക്ക് ലീക്‌സ് എന്നാണ് പറയുന്നതെന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ച് തുടങ്ങിയത്. വിക്കിലീക്‌സ് പറയുന്നതില്‍ ശരിയും തെറ്റുമുണ്ടാവും. ഇതിനെക്കാള്‍ നല്ലത് ഐ.ബി പറയുന്നത് വിശ്വസിക്കുന്നതാണ്. ലീഗിനെക്കുറിച്ച് വിക്കിലീക്‌സ് പറഞ്ഞതെല്ലാം ശരി, സി.പി.ഐ.എമ്മിനെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റ് എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.