മലപ്പുറം: മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വധ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡി.വൈ.എസ്.പി സുദര്‍ശനാണ് അന്വേഷണ ചുമതല.

ഇന്നലെ വൈകീട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ പോലീസിന് പരാതി നല്‍കിയത്. കുഞ്ഞാലിക്കുട്ടിക്ക് നിരവധി സ്ഥലങ്ങളില്‍ നിന്ന് വധ ഭീഷണി വരുന്നുണ്ടെന്നും അദ്ദേഹം പങ്കെടുക്കുന്ന വേദികളില്‍ ഗുണ്ടകള്‍ എത്തുന്നുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. തനിക്ക് വധ ഭീഷണിയുള്ള കാര്യം കുഞ്ഞാലിക്കുട്ടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ട് ഗണ്‍മാന്‍മാരെക്കൂടി കുഞ്ഞാലിക്കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോലീസ് അകമ്പടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്.