കോഴിക്കോട്:  ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അപ്രതീക്ഷിത കൂടിക്കാഴ്ച്ച നടത്തി. കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റേയും ഇ.ടി മുഹമ്മദ് ബഷീറിന്റേയും സാന്നിധ്യത്തിലായിരുന്നു യോഗം.

ചര്‍ച്ച ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ഇ അഹമ്മദും ഇ.ടി മുഹമ്മദ് ബഷീറും മുനീറുമായും കുഞ്ഞാലിക്കുട്ടിയുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രശ്‌നമുണ്ടെങ്കിലല്ലേ, പ്രശ്‌നപരിഹാരത്തിന്റെ കാര്യമുദിക്കുന്നുള്ളൂ എന്ന് ഇ അഹമ്മദ് ചോദിച്ചു. എന്നാല്‍ എന്തു പ്രശ്‌നമുണ്ടെങ്കിലും ഉടന്‍ പരിഹരിക്കുമെന്ന പ്രതികരണമായിരുന്നു ഇ.ടിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ഗൂഡാലോചന രേഖകള്‍ കൈമാറി
ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗൂഡാലോചന നടന്നതിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. മോചനയാത്രയ്ക്ക് ജില്ലയിലെത്തിയപ്പോഴാണ് ലീഗ് നേതാക്കള്‍ രേഖകള്‍ കൈമാറിയത്.

എന്നാല്‍ രേഖകളെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിയോ മുസ്‌ലിം ലീഗ് നേതാക്കളോ തയ്യാറായിട്ടില്ല. രേഖകളെക്കുറിച്ച് മറ്റ് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. അതിനിടെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

അതിനിടെ ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നേതൃയോഗം ചേരുന്നുണ്ട്. യോഗത്തില്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. നിര്‍ണായക ചര്‍ച്ചയായതിനാല്‍ ഇ.അഹമ്മദ് കോഴിക്കോട്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാനായിരുന്നില്ല. തുടര്‍ന്നാണ് അഹമ്മദിന്റെ നേതൃത്വത്തില്‍ യോഗംചേരാന്‍ തീരുമാനിച്ചത്. ഇന്ത്യാവിഷനിലൂടെ രേഖകള്‍ പുറത്തുവന്നത് മുനീറിന്റെ അറിവോടെയായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് തങ്ങളാണെന്നും മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.