തിരുവനന്തപുരം: മുഖ്യമന്ത്രി അച്യുതാനന്ദന്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടത്തുന്ന  ആരോപണത്തെ നേരിടാന്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങുമെന്ന് മുസ്‌ലിം ലീഗ്. യു.ഡി.എഫ് യോഗത്തില്‍ മുസ്‌ലിം ലീഗാണ് ഇക്കാര്യം അറിയിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിനെ മുന്‍നിര്‍ത്തിയാണ് വി.എസ് ആരോപണം ഉന്നയിക്കുന്നതെന്നും ഇതിന് രാഷ്ട്രീയ ഗോഥയിലിറങ്ങി മറുപടി പറഞ്ഞില്ലെങ്കില്‍ നാണക്കേടാവുമെന്നും യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. അങ്ങിനെയെങ്കില്‍ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങി മറുപടി പറയുമെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു.

അതേസമയം ഇടതുപക്ഷത്തിന്റെ പ്രചാരണ നേതൃത്വം വി.എസ് ഏറ്റെടുത്തതോടെ എല്‍.ഡി.എഫ് പാളയത്തില്‍ ആത്മവവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഗ്രൂപ്പ് തര്‍ക്കം ഒരുവിധം അവസാനിപ്പിച്ച് സ്ഥാനാര്‍ഥികളെ നിരത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇതുവരെ സജീവമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വി.എസ് ആണെങ്കില്‍ പാമൊലിന്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഇന്നലെ പ്രസ്താവന നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായിരുന്നു വി.സിന്റെ പ്രചാരണം. മലമ്പുഴയില്‍ പത്രിക നല്‍കുംമുമ്പ് വി.എസ് കണ്ണൂരിലും കാസര്‍കോട്ടുമായാണ് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. കണ്ണൂരില്‍ എ.കെ.ജി ദിനാചരണ പരിപാടിയിലും വി.എസ് പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ഏറെ കാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട വി.എസിന്റെ തിരിച്ചുവരവ് കൂടിയായി ഇത്.

എന്നാല്‍ നിയമസഭയുടെ അവസാന നാളില്‍ പ്രതിപക്ഷം ഉപയോഗിച്ച വി.എസിന്റെ മകനെതിരെയുള്ള ആരോപണം വീണ്ടും കെട്ടഴിച്ചുവിട്ട് കാലാവസ്ഥ അനുകൂലമാക്കിയെടുക്കാനാണ് യു.ഡി.എഫ് നീക്കം. ഇതിനായി പുതിയ ചില കരുക്കള്‍ കൂടി അവര്‍ നീക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സിന്ധു ജോയിയെ സി.പി.ഐ.എമ്മില്‍ നിന്ന് അടര്‍ത്തി കോണ്‍ഗ്രസ് അംഗമാക്കിയത്. കണ്ണൂരില്‍ നിന്ന് അടുത്തിടെ പാര്‍ട്ടി വിട്ട ഒരു എം.എല്‍.എയാണ് ഇതിന് അണിയറ നീക്കം നടത്തിയത്. താമസിയാതെ സിന്ധു ജോയി ചില ഗുരുതരമായ ആരോപണങ്ങള്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ ഉന്നയിക്കാനും സാധ്യതയുണ്ട്.