എഡിറ്റര്‍
എഡിറ്റര്‍
അബ്ദുറബ്ബിനെതിരെ കെ.എസ്.യു പറഞ്ഞത് തമാശ, എന്‍.എസ്.എസുമായുള്ള തര്‍ക്കം താല്‍ക്കാലികം: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Tuesday 26th June 2012 1:41pm

തിരുവനന്തപുരം: കെ.എസ്.യു നേതാക്കളെ പരിഹസിച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച കെ.എസ്.യു നടപടി തമാശയെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ടി.വി ചാനലില്‍ മുഖം കാണിക്കാനുള്ള പരിപാടിയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്നുമായിരുന്നു കെ.എസ്.യുവിന്റെ പ്രസ്താവന.

എന്‍.എസ്.എസും ലീഗും തമ്മിലുളള തര്‍ക്കം താല്‍ക്കാലികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍.എസ്.എസുമായി ലീഗിന് ദൃഢവും ശാശ്വതവുമായ ബന്ധമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ എന്‍.എസ്.എസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് തയാറാണ്. ലീഗ് എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്‍.എസ്.എസിന്റെ ഒത്താശയോടെയാണ് ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മജീദിന്റെ ആരോപണം തള്ളിക്കളഞ്ഞ് മറുപടിയുമായി എന്‍.എസ്.എസും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്.

Advertisement