കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പത്തു വയസ്സുകാരിയുടെ ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുറിപ്പിലെ കൈയ്യക്ഷരം പെണ്‍കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മൊഴിയെത്തുടര്‍ന്നാണ് അന്വേഷണ സംഘം ആത്മഹത്യാ കുറിപ്പ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.


Also read പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്: നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍


വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണ് എന്നുമായിരുന്നു കുട്ടിയുടേതെന്നു കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടി മരണത്തിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതിന്റെ പേരില്‍ സി.ഐയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.  കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് കാരണമായിരുന്നു.

നേരത്തെ കുട്ടിയുടെ പിതാവ് ജോസ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് വര്‍ഷം മുമ്പ് അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായ ജോസ് 25 ദിവസം ജയിലിലായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കപ്പെടാതിരുന്നതിനാല്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഈ കേസ് പുനരന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.