കൊല്ലം: കുണ്ടറയില്‍ പത്ത് വയസുകാരി പീഡനത്തിനിരയായി മരിച്ച കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐക്ക് സസ്പെന്‍ഷന്‍. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബുവിനേയാണ് ദക്ഷിണ മേഖല ഐ.ജി സസ്പെന്‍ഡ് ചെയ്തത്.


Also read സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക്


ജനുവരി പതിനഞ്ചിനായിരുന്നു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ പത്തു വയസുകാരിയെ കണ്ടെത്തിയത്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഗൗരവമായ അന്വേഷണം നടത്താതാണ് സി.ഐയക്കെതിരായ നടപടിയ്ക്ക് കാരണം. കേസില്‍ അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേസ് വെറുതേ വിടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കേസില്‍ കുട്ടിയുടെ ബന്ധുവടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമസമിതി സെക്രട്ടറി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയക്കകം റിപ്പോര്‍ട്ട് നല്‍കുവാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മരണപ്പെട്ട കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇത്തരം കാര്യങ്ങളൊന്നും പരിഗണിച്ചിരുന്നില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സി.ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.