എഡിറ്റര്‍
എഡിറ്റര്‍
റോമന്‍സില്‍ കള്ളന്മാരായി ചാക്കോച്ചനും ബിജു മേനോനും
എഡിറ്റര്‍
Wednesday 8th August 2012 9:16am

ഓര്‍ഡിനറിയിലെ ഹിറ്റ് ജോഡി കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ജനപ്രിയന്‍ എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന റോമന്‍സ് എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.

Ads By Google

ഓര്‍ഡിനറിയിലെ ഈ ടീമിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റോമന്‍സിന്റെ കഥ താന്‍ കുഞ്ചാക്കോ ബോബനുമായി ചര്‍ച്ച ചെയ്തിരുന്നു. ഓര്‍ഡിനറി പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവരെ കൂടാതെ ലാലു അലക്‌സ്, വിജയരാഘവന്‍, കൊച്ചുപ്രേമന്‍, കലിംഗശശി, തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. നിവേദിത.പി തോമസാണ് നായിക.

കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് റോമന്‍സ് കഥ പറയുന്നത്. ട്രെയിനില്‍ നിന്നും രക്ഷപ്പെട്ട് ഈ നാട്ടില്‍ അവിചാരിതമായി എത്തിച്ചേരുന്ന കള്ളന്മാരായാണ് ബിജു- മേനോനും കുഞ്ചാക്കോ ബോബനും റോമന്‍സിലെത്തുന്നത്.

‘ജീവിതത്തിലെ ചില പ്രാരാബ്ധങ്ങളാണ് കുഞ്ചാക്കോ ബോബനെ കള്ളനാക്കുന്നതെങ്കില്‍ ബിജു മേനോന്‍ ജനിച്ചത് തന്നെ കള്ളനായിട്ടാണ്.’ സംവിധായകന്‍ പറഞ്ഞു.

ഗ്രാമത്തിലെത്തിയ ഇവര്‍ പുരോഹിതന്മാരുടെ വേഷം കെട്ടുന്നു. ഇവരുടെ വരവ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഒരു പള്ളി തുറയ്ക്കാന്‍ കാരണമാകുന്നു. അതുവഴി ഗ്രാമീണരുടെ സ്‌നേഹം ഈ കള്ളന്മാര്‍ പിടിച്ചുപറ്റുന്നു. ഇങ്ങനെയാണ് റോമന്‍സിന്റെ കഥ വികസിക്കുന്നത്.

ഗുലുമാല്‍, ത്രീ കിങ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച വൈ.വി. രാജേഷാണ് റോമന്‍സിന് തിരക്കഥ എഴുതിയത്. വെള്ളരി പ്രാവിന്റെ ചങ്ങാതി നിര്‍മ്മിച്ച ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് റോമന്‍സ് നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്റേതാണ് ഈണങ്ങള്‍. ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്റെ തീരുമാനം.

Advertisement