തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നല്‍കിയ പട്ടികയിലാണ് കുമ്മനം രാജശേഖരനെ എം.എല്‍.എയെന്നു പരാമര്‍ശിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പി.എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങിനുളള പട്ടികയിലാണ് കുമ്മനത്തെ എം.എല്‍.എയാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ചതാണ് ഈ പട്ടിക.


Must Read: കൊടുങ്ങല്ലൂരില്‍ പളളിയുടെ നിസ്‌കാര ഹാളില്‍ ‘ജയ് ശ്രീറാം’ എഴുതി മതസ്പര്‍ധക്ക് ശ്രമം: പ്രതി പിടിയില്‍


ശനിയാഴ്ചയാണ് പി.എന്‍ പണിക്കര്‍ അനുസ്മരണ വായനാമാസാചരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. ഏറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്.

ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനായ ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, എം.പിമാരായ സുരേഷ് ഗോപി, പ്രൊഫ. കെ.വി. തോമസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

ഈ പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയിലാണ് കുമ്മനത്തെ എം.എല്‍.എയാക്കിയത്.

ജനപ്രതിനിധി പോലുമല്ലാത്ത കുമ്മനം കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം വലിഞ്ഞുകയറിയത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. പ്രധാമന്ത്രിയുടെ സുരക്ഷാ ടീമായ എസ്.പി.ജി നല്‍കിയ ലിസ്റ്റ് മറികടന്നാണ് കുമ്മനം മെട്രോയില്‍ കയറിക്കൂടിയത്. ബി.ജെ.പി ദേശീയ നേതൃത്വമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തെ കേന്ദ്രം എം.എല്‍.എയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.