തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വീഡിയോയിലുള്ളത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് 153 (എ) വകുപ്പ് പ്രകാരം കണ്ണൂര്‍ പൊലീസ് കേസെടുത്തതിന് ശേഷമാണ് പുതിയ വിശദീകരണവുമായി കുമ്മനം എത്തിയത്.

സി.പി.ഐ.എമ്മുകാരാണ് വീഡിയോയിലെന്ന് താന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റുകാരാണ് പ്രകടനം നടത്തിയതെന്നാണ് താന്‍ പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രവര്‍ത്തകരുടെയോ പേരോ താന്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.


Also Read: ‘എല്ലാവര്‍ക്കും അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപ, ചെയ്യേണ്ടത് ഇത്ര മാത്രം’; പുതിയ ‘ഓഫറു’മായി കെ.ആര്‍.കെ വീണ്ടും; മോദിയുടേത് പോലുള്ള ‘തള്ള്’ മാത്രമെന്ന് സോഷ്യല്‍ മീഡിയ


തന്റെ ശ്രദ്ധയില്‍ വന്ന വിഷയം പോസ്റ്റിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയ്തത്. പരാതിക്കാരനെതിരെ കേസെടുക്കുന്നത് പക തീര്‍ക്കാനാണ്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ മാത്രം ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനാണ്? അവരിങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സി.പി.ഐ.എം നേതൃത്വമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റുകളുടെ ആഹ്ലാദപ്രകടനമെന്നാണ് താന്‍ പോസ്റ്റ് ചെയ്തത്. പൊലീസ് കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബാന്റ് മേളത്തോടെ ആഹ്ലാദപ്രകടനം നടത്തിയെന്ന് താന്‍ പോസ്റ്റ് ചെയ്തെന്ന് പറയുന്നു. താനിങ്ങനെ പോസ്റ്റ് ചെയ്തിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസെടുത്തതിന് പിന്നില്‍ വ്യക്തിവൈരാഗ്യമുണ്ട്. തന്റെ ഫെയ്സ്ബുക്കില്‍ മാത്രം വന്ന പോസ്റ്റിന് എന്തിന് ഇങ്ങനെ നടപടിയെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വീഡിയോ:
കടപ്പാട്: റിപ്പോര്‍ട്ടര്‍ ടി.വി