തിരുവനന്തപുരം: ഫൈസല്‍ വധക്കേസ് പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിപിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വിപിന്‍ കൊല്ലപ്പെടാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും ജാമ്യത്തിലിറങ്ങിയ വിപിനെ വധിക്കുമെന്ന വ്യക്തമായ സൂചനയുണ്ടായിട്ടും സുരക്ഷയൊരുക്കില്ലെന്നും കുമ്മനം പറഞ്ഞു. വിപിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു രഹസ്യവിവരം ലഭിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല.


Dont Miss ഭയപ്പെടുത്താന്‍ നോക്കേണ്ട; ഞങ്ങളെ ഉണ്ടാക്കിയത് വേറെ കളിമണ്ണിലാണ് ; തുടങ്ങിവെച്ചവ നടപ്പിലാക്കിയിരിക്കുമെന്നും നരേന്ദ്ര മോദി


ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും കുമ്മനം പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ കൊലപാതകം നടന്നിട്ടും പ്രതികരിക്കാത്ത മന്ത്രി കെ.ടി ജലീലിനേയും കുമ്മനം കുറ്റപ്പെടുത്തി.

വിപിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം. ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും കൊടുക്കണം .ഒരു കേസില്‍ പ്രതിയായതുകൊണ്ട് കൊലചെയ്യപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ല. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുന്‍പ് നിരവധി കേസുകളില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ഡി.വൈ.എസ്.പി എം. മോഹനചന്ദ്രനാണ് ഈ കേസും അന്വേഷിക്കുന്നത്. അദ്ദേഹത്തെ ആദ്യം അന്വേഷണ സംഘത്തില്‍ നിന്നും മാറ്റണമെന്നും കുമ്മനം ആവശ്യപ്പെട്ടു.