തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

താന്‍ പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും ഒരു ദേശീയ പൊതു സംവാദത്തിന് പിണറായി തയ്യാറുണ്ടോയെന്നും കുമ്മനം ചോദിക്കുന്നു. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തില്‍ സംസാരിക്കവേയായിരുന്നു കുമ്മനത്തിന്റെ വെല്ലുവിളി. മുഖ്യമന്ത്രി ജനങ്ങളോടു സംസാരിക്കട്ടെ. സര്‍ക്കാര്‍ സംവിധാനങ്ങളോട് സംവദിക്കട്ടെയെന്നും കുമ്മനം പറഞ്ഞു.


കളിക്കാന്‍ നിക്കുമ്പോള്‍ ഗുജറാത്തിനോടോ മധ്യപ്രദേശിനോടോ കളിക്ക്; കേരളത്തോട് കളിക്കല്ലേ പ്ലീസ്; അര്‍ണബിനെ വിടാന്‍ തയ്യാറാകാതെ ട്രോളന്‍മാര്‍


കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമാണോ എന്ന ചോദ്യത്തിന് രാഷ്ട്രപതി ഭരണം നാളെ ഏര്‍പ്പെടുത്തണം എന്നല്ലെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തക്കവണ്ണം ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടായിരിക്കുന്നു എന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട്. ആ സര്‍ക്കാര്‍ ഭരിക്കണം. ജനങ്ങള്‍ ആ ഭരണം അനുഭവിക്കണം. ഇവിടുത്തെ ക്രമസമാധാന നില സാധാരണ നിലയില്‍ കൊണ്ടുവരണം. ഇവിടെ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.

കേരളത്തെ ‘കൊലക്കളം’ എന്നു ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനോടുള്ള പ്രതികരണം എന്താണെന്ന ചോദ്യത്തിന് കേരളത്തെ കൊലക്കളം എന്നു വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുകയാണു വേണ്ടതെന്നും അല്ലാതെ പറഞ്ഞവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി. കേരളത്തില്‍ കൊലപാതകമാണു നടന്നുകൊണ്ടിരിക്കുന്നത്. അതൊരു യാഥാര്‍ഥ്യമല്ലേയെന്നുമായിരുന്നു കുമ്മനത്തിന്റെ ചോദ്യം.

ബി.ജെ.പി ഒരു ഒറ്റപ്പെട്ട പാര്‍ട്ടിയാണെന്നാണ് പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തോടുള്ള മറുപടിയെന്തെന്ന ചോദ്യത്തിന് ബി.ജെ.പി ഒറ്റപ്പെട്ട പാര്‍ട്ടിയാണെങ്കില്‍ എന്തിനു മുഖ്യമന്ത്രി ഞങ്ങളോടു ചര്‍ച്ചയ്ക്കു വന്നു എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിക്കൊരു മുറി ഒഴിച്ചിട്ടുണ്ടെന്നു വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് അങ്ങനെ പ്രത്യേകിച്ചു മുറിയൊന്നുമില്ല. അവിടെ ഒരുപാടു മുറികളുണ്ടെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

അടുത്ത തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നും കുമ്മനം പറയുന്നു.