തിരുവനന്തപുരം: തോമസ് ചാണ്ടിയുമായി സി.പി.ഐ.എമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് ഹൈക്കോടതിയിലെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് എ.എ.ജിയെ ഒഴിവാക്കിയ സംഭവമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എ.എ.ജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വ്വമാണ്. സി.പി.ഐ.എമ്മിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അഭിഭാഷകനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഘടകക്ഷിയെന്ന നിലയില്‍ സി.പി.ഐയുടെ സേവനത്തേക്കാള്‍ സി.പി.ഐ.എം വിലമതിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനേയാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സി.പി.ഐ.എം തെളിയിച്ച സ്ഥിതിക്ക് സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


Also read ‘കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച് ചെമ്പടയെ പേടിച്ച് ആത്മഹത്യ ചെയ്ത ഹിറ്റ്‌ലറെ ഓര്‍ക്കണം’; കേന്ദ്രസര്‍ക്കാരിന് ഓര്‍മ്മപ്പെടുത്തലുമായി വി.എസ്


തോമസ് ചാണ്ടിയുടെ കയ്യേറ്റം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലം സന്ദര്‍ശിക്കണം എന്നാവശ്യപെട്ട് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സബ് കമ്മറ്റിക്ക് ആഴ്ചകള്‍ മുന്‍പ് പരാതി കൊടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.