കോട്ടയം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരി വെച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സാങ്കേതികമായി കുറ്റവിമുക്തനായെങ്കിലും പിണറായി വിജയന് ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ കഴിയില്ല. സി.ബി.ഐ അപ്പീല്‍ നല്‍കാന്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വൈദ്യുത വകുപ്പ് ജീവനക്കാരെ ബലിയാടാക്കുകയാണ്. പദ്ധതിയില്‍ ഒപ്പുവെച്ച പിണറായി വിജയനും ഈ കേസില്‍ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട് വ്യവസ്ഥാ ലംഘനം നടത്തി എന്നായിരുന്നു കേസ്. എന്നാല്‍ പിണറായി വിജയനുള്‍പ്പെടെയുള്ള ഏഴുപേരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.

തുടര്‍ന്ന് ഈ വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സി.ബി.ഐ വാദിച്ചത്.


Also read പിണറായിയെ തെരഞ്ഞ് പിടിച്ച് വേട്ടയാടാന്‍ സി.ബി.ഐയും യു.ഡി.എഫും നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി: കോടിയേരി


എന്നാല്‍ ഹൈകോടതി പിണറായി വിജയനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയത് ശരി വെച്ചു. കേസില്‍ പിണറായി വിജയനെ കുറ്റക്കാരനായി കാണാനാകില്ലെന്നും വിചാരണ നേരിടേണ്ടത് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.

കേസില്‍ ഒന്നാം പ്രതിയായ കെ മോഹനചന്ദ്രന്‍, ഏഴാം പ്രതി പിണറായി വിജയന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്നും എന്നാല്‍ കേസിലെ രണ്ട്,മൂന്ന്,നാല് പ്രതികളായ കസ്തുരി രംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്. .

കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.